ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി കാഞ്ഞിരപ്പള്ളി വോളിബാൾ ഇൻഡോർ സ്റ്റേഡിയം
text_fieldsകാഞ്ഞിരപ്പള്ളി: ഒരുപതിറ്റാണ്ടായി തകർന്നുകിടക്കുന്ന വോളിബാൾ ഇൻഡോർ സ്റ്റേഡിയം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ മൂന്ന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന വളപ്പിലാണ് ഈ കാഴ്ച. പേട്ട ഗവ. ഹൈസ്കൂൾ, ബി.എഡ് കോളജ്, ഐ.എച്ച്.ആർ.ഡി കോളജ് എന്നിവ സ്ഥിതിചെയ്യുന്നത് ഒരു വളപ്പിലാണ്. കഴിഞ്ഞ ദിവസം ബി.എഡ് കോളജിനോട് ചേർന്ന കൽക്കെട്ടിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. എന്നാൽ, കൽക്കെട്ടിന്റെ വിടവിൽ കയറിയ പാമ്പിനെ പിടികൂടാൻ സാധിച്ചില്ല.
ബി.എഡ് കോളജിന് സമീപമാണ് 11 വർഷം മുമ്പ് തകർന്ന് വീണ വോളിബാൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാതെ കാടുകയറി കിടക്കുന്നത്. ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയം 2014 ഫെബ്രുവരിയിലാണ് നാടിന് സമർപ്പിച്ചത്. 30 അടി ഉയരത്തിൽ 28 മീറ്റർ നീളത്തിൽ 16 മീറ്റർ വീതിയിൽ നിർമിച്ച സ്റ്റേഡിയം നാലുമാസം പിന്നിട്ടപ്പോൾ തന്നെ തകർന്നു. മേൽക്കൂരയെ താങ്ങിനിർത്തിയ തൂണുകൾ തകർന്നതോടെയാണ് സ്റ്റേഡിയം നിലംപൊത്തിയത്. തൂണുകളുടെ നിർമാണത്തിലെ അപാകതയാണ് തകരാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്.
സ്റ്റേഡിയം തകർന്ന് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും അവശിഷ്ടങ്ങൾ മാറ്റാനോ പുനർനിർമിക്കാനോ നടപടിയുണ്ടായിട്ടില്ല. നിലംപൊത്തിയ മേൽക്കൂര കാടുകയറിയ നിലയാണിപ്പോൾ. ഇതുമൂലം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണിവിടം. രാത്രി കാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ സങ്കേതവുമാണ്. കാടുപിടിച്ച് കിടക്കുന്ന ഇവിടെനിന്ന് ഇഴജന്തുക്കൾ പേട്ട ഗവ. സ്കൂളിലേക്കടക്കം എത്താൻ സാധ്യതയുണ്ട്. ഇൻഡോർ സ്റ്റേഡിയം ഇവിടെനിന്ന് നീക്കി കാട് വെട്ടിത്തെളിച്ചാൽ ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാൻ കഴിയും. വിജിലൻസ് കേസ് നിലനിൽക്കുന്നതിനാലാണ് ഇത് നീക്കം ചെയ്യാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.