തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ശ്രദ്ധേയമായി സൗമ്യ വ്യക്തിത്വങ്ങളുടെ തീക്ഷ്ണ പോരാട്ടം
text_fieldsഡോ. എന്. ജയരാജ് (70) എൽ.ഡി.എഫ്, പ്രഫ റോണി കെ. ബേബി (48) യു.ഡി.എഫ്, ജോർജ് കുര്യൻ (66) എൻ.ഡി.എ
കാഞ്ഞിരപ്പള്ളി: രാഷ്ടീയത്തിലെ സൗമ്യതയാർന്ന വ്യക്തിത്വങ്ങൾ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങി. ഹാട്രിക്ക് വിജയം നേടിയ കേരള കോൺഗ്രസ് എമ്മിന്റെ ഡോ. എൻ. ജയരാജ് ആണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഡി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വക്താവുമായ യു.ഡി.എഫ് സ്ഥാനാർഥി പ്രഫ. റോണി കെ. ബേബിയുടെ കന്നി മത്സരമാണിത്. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ബി.ജെ.പിയുടെ എൻ.ഡി.എ സ്ഥാനാർഥി. 1991 ൽ കോട്ടയത്തുനിന്നും 1996ൽ മൂവാറ്റുപുഴയിൽനിന്നും ലോക്സഭയിലേക്കും 2016ൽ പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട് ജോർജ് കുര്യൻ.
മണ്ഡലപ്പിറവി മുതൽ ഡോ. എൻ. ജയരാജ് ആണ് നിയമസഭയിൽ കാഞ്ഞിരപ്പള്ളിയുടെ പ്രതിനിധി. ആദ്യ രണ്ടു തവണ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ച അദ്ദേഹം കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ കഴിഞ്ഞ തവണ എൽ.ഡി.എഫ് ടിക്കറ്റിൽ ജയം നേടി. എൻ. ജയരാജിലൂടെ മണ്ഡലം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാറിന്റെ വികസന നേട്ടങ്ങളുമാണ് പ്രധാന പ്രചാരണം. സ്ഥാനാർഥിയുടെ വ്യക്തി ബന്ധങ്ങളും വോട്ടാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണം ശക്തമാക്കിയ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. യു.ഡി.എഫ് പാരമ്പര്യം ഉണ്ടായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചാണ് അവരുടെ പ്രചാരണം. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വരവോടെ കാഞ്ഞിരപ്പള്ളിയിൽ ഇക്കുറി മാറാത്തതും മാറുമെന്ന ആവേശത്തിലാണ് എൻ.ഡി.എ. കേന്ദ്ര സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. ഒപ്പം ന്യൂനപക്ഷ വോട്ടുകൾ ഗുണം ചെയ്യുമെന്നും എൻ.ഡി.എ കണക്കുകൂട്ടുന്നു.
ഡോ. എന്. ജയരാജ് (70) എൽ.ഡി.എഫ്
ഗവ. ചീഫ് വിപ്പ്. നാലു തവണ എം.എൽ.എ. കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ. 25 വര്ഷം കേരള, കോഴിക്കോട്, എം.ജി സര്വകലാശാലകളിലെ വിവിധ എന്.എസ്.എസ് കോളജുകളില് ഇക്കണോമിക്സ് അധ്യാപകന്. രണ്ടു തവണ ജില്ല പഞ്ചായത്ത് അംഗം.
വാഗ്ദാനം
1. കഴിഞ്ഞകാല വികസന പ്രവർത്തനങ്ങളുടെ തുടർച്ച
2. കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം എത്രയും വേഗം പൂർത്തിയാക്കും
3. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോർട്ട്സ് സ്കൂൾ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും
4. മണ്ഡലത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനക്ഷമമാക്കും
5, മണിമല പഞ്ചായത്തിലെ പട്ടയപ്രശ്നം പരിഹരിക്കും
6 കങ്ങഴ പഞ്ചായത്തിലെ ലളിതാംബിക അന്തർജനം സ്മാരക സാംസ്കാരിക നിലയം ഉടൻ പ്രവർത്തന ക്ഷമമാക്കും
ഭൂരിപക്ഷ പ്രതീക്ഷ
കഴിഞ്ഞ തവണത്തേതിലും കൂടും. കുറഞ്ഞത് 20,000ത്തിനു മുകളിൽ
പ്രഫ റോണി കെ. ബേബി (48) യു.ഡി.എഫ്
കെ.പി.സി.സി വക്താവ്, ഡി.സി.സി ജനറൽ സെക്രട്ടറി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് അധ്യാപകൻ. 2008 ൽ ദേശീയ തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ മികവ് തെളിയിച്ച് കേരളത്തിലെ ആദ്യ സ്ഥാനക്കാരിലെത്തി. നാലു പുസ്തകങ്ങളും ആയിരത്തിലേറെ ലേഖനങ്ങളും എഴുതി.
വാഗ്ദാനം
1. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പദ്ധതികൾക്ക് കല്ലിട്ടു പോവുക മാത്രമാണ്. എടുത്തു പറയാൻ പൂർത്തീകരിച്ച പദ്ധതികൾ ഇല്ല. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കും.
2. 2008ൽ ആരംഭിച്ച കാഞ്ഞിരപ്പള്ളി ബൈപാസ് പണി എങ്ങുമെത്തിയില്ല. ഇത് സമയബന്ധിതമായി യാഥാർഥ്യമാക്കും
3. 50 കോടി രൂപക്ക് മുകളിൽ ചെലവിട്ട് പൈപ്പ് ഇടുകയും ടാങ്ക് നിർമിക്കുകയും ചെയ്ത മണിമല മേജർ കുടിവെള്ള പദ്ധതിയിൽ നിന്ന് ഒരു തുള്ളി വെള്ളം ലഭിക്കുന്നില്ല. ഇതിനു പരിഹാരം കാണും.
4. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരും.
ഭൂരിപക്ഷ പ്രതീക്ഷ
വ്യക്തമായ ഭൂരിപക്ഷം നേടും. വിജയം ഉറപ്പാണ്.
ജോർജ് കുര്യൻ (66) എൻ.ഡി.എ
കേന്ദ്ര സഹമന്ത്രി. ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ ജന. സെക്രട്ടറിയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവുമായിരുന്നു. ബി.ജെ.പി സംസ്ഥാന വക്താവ്, സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോർച്ച ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. ദേശീയ ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാനായിരുന്നു.
വാഗ്ദാനങ്ങൾ
1. കാഞ്ഞിരപ്പള്ളിയുടെ അടിസ്ഥാന വികസനം ഉറപ്പാക്കും കുടിവെള്ള ക്ഷാമം പരിഹരിക്കും
2. കാഞ്ഞിരപ്പള്ളി ബൈപാസ് റോഡ്, പൂർത്തിയാകാത്ത പാലങ്ങൾ, പുതിയ പാലങ്ങൾ, ഇരുകരകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം എന്നിവയുടെ നിർമാണം പൂർത്തീകരിക്കും
3. യുവാക്കൾക്കു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആധുനിക സ്കിൽ ട്രെയിനിങ് സെന്റർ യാഥാർഥ്യമാക്കും
4. സ്ത്രീശാക്തീകരണ കോഴ്സുകൾ തുടങ്ങും
5. പട്ടികജാതി - പട്ടികവർഗ, ഒ.ബി.സി. വിഭാഗങ്ങളുടെ ഉന്നമനത്തിന് ക്ഷേമപദ്ധതികളും സ്കിൽ ഡവലപ്മെന്റ് സെന്ററും സ്ഥാപിക്കും
6. കലാകാരന്മാരുടെ ഉന്നമനത്തിന് ആധുനിക സാംസ്കാരിക കേന്ദ്രം.
ഭൂരിപക്ഷ പ്രതീക്ഷ
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ വ്യക്തമായ ഭൂരിപക്ഷം നേടും.


