വാതിൽ തുറന്നിട്ട് സർവിസ്; ഒമ്പത് ബസുകൾക്ക് പിഴ
text_fieldsകാഞ്ഞിരപ്പള്ളി താലൂക്കില്‍ വാതിൽ തുറന്നിട്ട് സര്‍വിസ് നടത്തിയ ബസുകളില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കാഞ്ഞിരപ്പള്ളി: താലൂക്കില്‍ അപകടകരമായ രീതിയില്‍ വാതിൽ തുറന്നിട്ട് സര്‍വിസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും ജോ. ആര്.ടി.ഒ ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. ഒമ്പത് ബസുകളാണ് വാതിൽ തുറന്നിട്ട് സർവിസ് നടത്തിയതായി കണ്ടെത്തിയത്.
കുറ്റകൃത്യം തുടര്‍ന്നും ശ്രദ്ധയിൽപെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുണ്ടക്കയം, പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് എന്നിവിടങ്ങളില്‍ സ്റ്റേജ് ക്യാരേജ് പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ബസ് ജീവനക്കാരെ ഉപദ്രവിച്ചെന്ന പരാതിയില്‍ ബസ് ട്രിപ്പ് മുടക്കി സമരം ആരംഭിച്ചെങ്കിലും കാഞ്ഞിരപ്പള്ളി ജോ. ആര്.ടി.ഒ, മുണ്ടക്കയം പൊലീസ് എന്നിവരുടെ ഇടപെടലില്‍ സര്‍വിസ് പുനരാരംഭിച്ചു. കോട്ടയം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ. ഷിബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജോ. ആര്.ടി.ഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 22 കേസുകളിലായി 38,250 രൂപ പിഴ ഈടാക്കി.
എം.വി.ഐമാരായ എം.കെ. മനോജ് കുമാര്‍, ബിനോയി ജോസഫ്, എ.എം.വി.ഐമാരായ കെ. ജയകുമാര്‍, രാജേഷ്, വിജോ വി. ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.