ഗ്രാമീണ ടൂറിസം: കാഞ്ഞിരപ്പള്ളി കരിമ്പുകയം വിശ്രമകേന്ദ്രത്തിന്‍റെ രണ്ടാംഘട്ടം നിർമാണം തുടങ്ങി
text_fieldsകരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കിണറും സ്ഥിതി ചെയ്യുന്ന ഭാഗം
കാഞ്ഞിരപ്പള്ളി: ഗ്രാമീണ ടൂറിസത്തിന്‍റെ സാധ്യതകൾ ഉപയോഗിക്കുന്നതിന്‍റെ ഭാഗമായി കരിമ്പുകയത്ത് മണിമലയാറിന്റെ തീരം കെട്ടിയെടുത്ത് സായാഹ്ന-പ്രഭാത സവാരിക്കും വിശ്രമകേന്ദ്രവുമാക്കി മാറ്റുന്നതിന്റെ രണ്ടാം ഘട്ട നിര്‍മാണം തുടങ്ങി. പുറമ്പോക്ക് ഭാഗം കെട്ടിയെടുത്ത് സംരക്ഷണ വേലി കെട്ടി ടൈല്‍ പാകി ഇരിപ്പിടം സ്ഥാപിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മണിമലയാറിന്റെ ഭംഗി ആസ്വദിച്ചിരിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം.
നേരത്തെ ഇവിടെ 300 മീറ്ററോളം നടക്കുവാനും മണിമലയാറിന്റെ തീരം ആസ്വദിക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. എരുമേലി -കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കരിമ്പുകയം പാലത്തില്‍ നിന്നും കാഴ്ചകള്‍ കാണാന്‍ കഴിയും.
നിലവില്‍ കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പമ്പിങ് ഹൗസും കിണറും ഇരിക്കുന്ന ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കരിമ്പുകയം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പ്രദേശം സൗന്ദര്യവത്കരിച്ച് പ്രദേശവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രയേജനപ്പെടുന്ന രീതിയില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ ശ്രമഫലമായി ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
1.20 ലക്ഷം രൂപയുടെ പദ്ധതിയാണ് പ്രദേശത്ത് ആകെ നടപ്പാക്കുന്നതെന്ന് വാര്‍ഡംഗം റിജോ വാളാന്തറ പറഞ്ഞു. 70 ലക്ഷത്തോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. രണ്ടാം ഘട്ടമായി പണി പൂര്‍ത്തിയാക്കി ചെടികള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തും. മാര്‍ച്ച് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് റിജോ വാളാന്തറ പറഞ്ഞു.


