വിദ്യാർഥിനി തെറിച്ചു വീണ സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsകാഞ്ഞിരപ്പള്ളി: സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന ‘വാഴയിൽ’ ബസിന്റെ ഡ്രൈവർ കപ്പാട് സ്വദേശി അർജുനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ ജാമ്യത്തിൽ വിട്ടു. വെള്ളിയാഴ്ച രാത്രി തന്നെ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയും കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിനിയുമായ പെൺകുട്ടി ബസിൽനിന്ന് തെറിച്ചുവീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ആനിത്തോട്ടത്തിലായിരുന്നു അപകടം.
ഈരാറ്റുപേട്ടയിലേക്ക് പോവുന്ന ബസിൽ നിന്ന് ആനിത്തോട്ടം സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് വിദ്യാർഥിനി തെറിച്ചുവീണത്. സംഭവത്തിനു ശേഷം ബസ് നിർത്താതെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വിദ്യാർഥിനിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.
ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നൽകിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികളിലേക്കു കടക്കുക.