Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകാഞ്ഞിരപ്പള്ളി ഗവ....

കാഞ്ഞിരപ്പള്ളി ഗവ. സ്‌പോര്‍ട്‌സ് സ്‌കൂള്‍ ശിലാസ്ഥാപനം ഇന്ന്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി ഗവ. സ്‌പോര്‍ട്‌സ് സ്‌കൂള്‍ ശിലാസ്ഥാപനം ഇന്ന്
cancel

കാഞ്ഞിരപ്പള്ളി: തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കുന്നുംഭാഗം ഗവ. ഹൈസ്‌കൂളിനെ പൂര്‍വ്വകാല പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരുന്ന കാഞ്ഞിരപ്പള്ളി ഗവ. സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ. ജീവന്‍ ബാബു, ഡയറക്ടര്‍ പി. വിഷ്ണുനാഥ്, ചീഫ് എന്‍ജിനീയര്‍ പി.കെ. അനില്‍കുമാര്‍, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയ ശ്രീധര്‍, ജില്ല പഞ്ചായത്തംഗങ്ങളായ അഭിലാഷ് ചന്ദ്രന്‍, തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, സംഘാടക സമിതി കണ്‍വീനര്‍ ആന്റണി മാര്‍ട്ടിന്‍ എന്നിവർ സംസാരിക്കും.

കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. കേരളത്തിലെ അഞ്ചാമത്തെ സ്പോര്‍ട്സ് സ്‌കൂളായ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാൻ സൗകര്യമൊരുക്കും. കേരള കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുണ്ടാക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാകും സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.

പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എൽ.പി. സ്‌കൂളിന്റെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളും സ്പോര്‍ട്സ് സ്‌കൂളിന്റെ ഏഴ് മുതല്‍ 10 വരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

സ്പോര്‍ട്സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബാള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്പോര്‍ട്സ് ബില്‍ഡിങ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:Kottayam Sports School 
News Summary - The foundation stone laying ceremony of Kanjirappally Govt. Sports School is today
Next Story