സ്വർണവും ഫോണും കവർന്ന് കാറുടമയെ വഴിയിൽ ഉപേക്ഷിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsനിതിൻ അനിൽ
കറുകച്ചാൽ: കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വർണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂരോപ്പട ളാക്കാട്ടൂർ കവല ഭാഗത്ത് ആനകല്ലുങ്കൽ വീട്ടിൽ നിതിൻ കുര്യൻ (33), കങ്ങഴ കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം അനിൽ കെ. ഉതുപ്പ് (53) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ കഴിഞ്ഞ 15ന് വൈകീട്ട് നാലിന് കറുകച്ചാലിലെ ബാറിന് മുന്നിൽ വെച്ച് മധ്യവയസ്കന്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. യാത്രാമധ്യേ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി മോതിരവും മൊബൈൽ ഫോണും കവർന്ന് കാറിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും പിടികൂടിയത്. നിതിൻ കുര്യൻ പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്.എച്ച്.ഒ പ്രശോഭ്, എസ്.ഐ അനുരാജ്, സി.പി.ഒമാരായ അൻവർ കരീം, പ്രദീപ്, അരുൺ, നിയാസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.