തദ്ദേശ തെരഞ്ഞെടുപ്പ്; കരുത്തറിയിക്കാൻ കേരള കോൺഗ്രസ് എം
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്ന് കൂടുതൽ ജനപ്രതിനിധികളെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് (എം). ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കാൻ ഉതകുന്ന തന്ത്രങ്ങൾ മണ്ഡലം തലത്തിൽ ആവിഷ്കരിക്കണമെന്നാണ് ജില്ല നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനായി മണ്ഡലം തലത്തിൽ മുൻകൂട്ടി രൂപവത്കരിക്കപ്പെട്ടിട്ടുള്ള കോർ കമ്മിറ്റി അംഗങ്ങളുമായി ജില്ല നേതൃത്വം അതത് മണ്ഡലങ്ങളിലെത്തി ഇതിനോടകം ചർച്ച നടത്തി.
മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ ചില മണ്ഡലങ്ങളിൽ നിലനിൽക്കുന്ന തർക്കം അടിയന്തരമായി പരിഹരിക്കാനും നിർദേശിച്ചിട്ടുണ്ട്. മുന്നണി പ്രവേശനത്തിന്റെ തൊട്ടുപിന്നാലെ തദ്ദേശതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വന്നതിനാൽ പാർട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകളിൽ കഴിഞ്ഞ തവണ മത്സരിക്കാനായില്ല എന്നാണ് വിലയിരുത്തൽ. ഇത്തവണ അത് ഉണ്ടാകരുതെന്ന കർശനനിർദേശമാണ് ജില്ല നേതൃത്വത്തിൽനിന്ന് താഴെത്തട്ടിലേക്ക് നൽകിയിരിക്കുന്നത്.
ജില്ല പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണത്തിലെത്തിയത് കേരള കോൺഗ്രസ് എമ്മിന്റെ കരുത്തിലാണന്ന വാദമാകും പാർട്ടി ഉയർത്തുക. ഈ യാഥാർഥ്യം മറ്റ് ഘടകകക്ഷികൾക്കും ഉൾക്കൊള്ളേണ്ടിവരും. പതിവിൽനിന്ന് വ്യത്യസ്തമായി പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തവണ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ എല്ലാ മണ്ഡലങ്ങളിലും നല്ലനിലയിൽ നടന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കം ആറുമാസം മുമ്പേ തുടങ്ങാനായത് വാർഡ് തലങ്ങളിൽ പാർട്ടിക്ക് നേട്ടമാകും എന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഇതിനു പുറമെ സർക്കാറിന്റെ ഭരണനേട്ടങ്ങളും ഗുണകരമാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. ബഫർ സോൺ, ഭൂപതിവ് നിയമ ഭേദഗതി, വന്യജീവി സംരക്ഷണ നിയമ ഭേദഗതി, തെരുവുനായ് ശല്യം തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി നിലപാടിന് പൊതുസമൂഹത്തിൽനിന്ന് വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ളതായി നേതൃത്വം കണക്കുകൂട്ടുന്നു.
ഇത് വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാവും വെള്ളിയാഴ്ച ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ ആവിഷ്കരിക്കുക. അതിനായി ലഘുലേഖകളും ജില്ല നേതൃത്വം തയാറാക്കിയിട്ടുണ്ട്. ഇത് താഴെത്തട്ടിൽവരെ എത്തിക്കണം എന്ന നിർദേശമാകും സമ്മേളനത്തിൽ ഉണ്ടാവുക. ഈ മാസം നടക്കുന്ന എൽ.ഡി.എഫ് വാർഡുതല ജനകീയ സദസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താമെന്നും പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ രണ്ട് സെക്ഷനുകളായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റ്യൻ എന്നിവർ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും.