കോടിമത മാർക്കറ്റിൽ ആരോഗ്യഭീഷണി
text_fieldsകോടിമത മാർക്കറ്റിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന ശൗചാലയം
കോട്ടയം: അസൗകര്യങ്ങളുടെയും തെരുവുനായ്ക്കളുടെയും നടുവിലാണ് കോടിമത മാർക്കറ്റ്, അതിനിടയിലും തൊഴിലാളികളും വ്യാപാരികളും പ്രാഥമികാവശ്യത്തിന് മലിനജലം ഉപയോഗിക്കേണ്ട ഗതികേടിലാണ്. ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം നിലനിൽക്കുമ്പോഴും നഗരസഭയും ആരോഗ്യവകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
തൊഴിലാളികൾ ഭക്ഷണംകഴിച്ചതിന് ശേഷം പൈസ മുടക്കി കുടിവെള്ളം വാങ്ങി ഉപയോഗിക്കുകയാണ്. സ്ത്രീകളടക്കമുള്ളവർ ഉപയോഗിക്കുന്ന ശുചിമുറിയിൽ എപ്പോഴും ആവശ്യത്തിന് വെള്ളമെത്താറില്ല. എത്തുന്നത് മലിനജലവും. കഴിവതും ശുചിമുറി ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.
നഗരസഭയുടെ മുൻകൈയെടുത്ത് പ്രാഥമിക ശുചീകരണം പോലും നടത്തുന്നില്ലെന്നും പരാതിയുണ്ട്. മാർക്കറ്റിൽ 200ലധികം സ്റ്റാളുകളിലായി ഏകദേശം 600ഓളം ആളുകളാണ് നിത്യേന ജോലിചെയ്യുന്നത്.
ശൗചാലയത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം
ശുചിമുറികളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് പൂട്ടിയിട്ട ജൈവവാതക പ്ലാന്റിനടുത്ത് കൊടൂരാറ്റിലേക്ക് മാലിന്യം തള്ളുന്ന പ്രദേശത്തുനിന്നാണ്. മാലിന്യം കുന്നുകൂടിയ ഈ ഭാഗത്ത് മൂക്കുപൊത്താതെ എത്താനാവില്ല. കൂടാതെ, ഇവിടെയുള്ള നായ്ക്കൂട്ടം ശുചിമുറിയിൽ എത്തുന്നവർക്ക് ഭീഷണിയുയർത്തുന്നുണ്ട്.
മാർക്കറ്റ് സമുച്ചയത്തിന്റെ പിന്നിലും കൊടൂരാറിന്റെ തീരത്തും ആറ്റിലും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. മാർക്കറ്റിലെ അഴുക്കുവെള്ളം പോലും തുറന്ന ഓടവഴി ആറ്റിലേക്ക് ഒഴുകിയെത്തുന്നത് നഗരത്തിലെ പൊതുജനാരോഗ്യത്തിന്മേലുള്ള കടുത്ത വെല്ലുവിളിയാണ്.