കെ.എസ്.ആർ.ടി.സി ബസിടിച്ച് ഡിപ്പോ മതിൽ തകർന്നു
text_fieldsവൈക്കം: കെ.എസ്.ആർ.ടി.സി ബസ് പാർക്ക് ചെയ്യുന്നതിനായി പിന്നോട്ടെടുക്കുന്നതിനിടെ ഡിപ്പോയുടെ മതിൽ ഇടിച്ചുതകർത്തു. മതിലിനോടു ചേർന്ന് റോഡരികിൽ പ്രവർത്തിച്ചിരുന്ന തട്ടുകടയിലേക്കാണ് മതിൽ മറിഞ്ഞു വീണത്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. ടി.വി പുരം നടുപ്പുരയിൽ എൻ. മോഹനന്റെ കടയിലേക്കാണ് മതിൽ വീണത്. കച്ചവടത്തിനായി കരുതിയിരുന്ന ഭക്ഷണ സാധനങ്ങൾ പൂർണമായി മതിലിനടിയിൽപ്പെട്ട് നശിച്ചു. സംഭവസമയത്ത് ഭക്ഷണം കഴിക്കാൻ എത്തിയ വഴിയാത്രക്കാർ ഉൾപ്പെടെ 10ഓളം പേർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഇവർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭക്ഷണ സാധനങ്ങളും പാത്രങ്ങളും മറ്റ് സാമഗ്രികളും അടക്കം 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ പറഞ്ഞു.

