യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
text_fieldsഷൈൻ, അനന്തു
കുറവിലങ്ങാട്: യുവാവിനെ വീട്ടിൽ കയറി കമ്പിവടിയും ബിയർ കുപ്പിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് പാറമ്പുഴ പുൽപാറ ഭാഗത്ത് വട്ടമുകളേൽ വീട്ടിൽ ഷൈൻ സോമൻ (31), ഏറ്റുമാനൂർ കട്ടച്ചിറ വെട്ടിമുകൾ പള്ളിമല ഭാഗത്ത് കുറ്റിവേലിൽ വീട്ടിൽ അനന്തു കെ. ഷാജി (27) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തും ചേർന്ന് പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പുലർച്ച വീട്ടിൽ അതിക്രമിച്ചുകടന്ന ഇവർ ബിയർ കുപ്പിയും കമ്പിവടിയും വടിവാളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽനിന്ന് പിടികൂടിയിരുന്നു.
മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്നാണ് ഇരുവരും പിടിയിലാകുന്നത്. പ്രതികളിൽ ഒരാളായ ഷൈൻ സോമനെ കട്ടപ്പനയിൽനിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതി അനന്തു കെ. ഷാജിക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി അടിപിടി കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.