വിദ്യാർഥികളുടെ ദുരിതത്തിന് അറുതിയാകും; കുഴിമാവ് ഗവ. ഹൈസ്കൂൾ കെട്ടിടം പണി തുടങ്ങി
text_fieldsമുണ്ടക്കയം: കുഴിമാവ് ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിട നിർമാണത്തിന് ഒന്നാം ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പതിനഞ്ചോളം സർക്കാർ സ്കൂളുകൾക്ക് നാലു വർഷത്തിനിടെ പുതിയ കെട്ടിടം നിർമിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കോരുത്തോട് പഞ്ചായത്തിലെ പിന്നാക്ക മേഖലയായ കുഴിമാവിലെ ഹൈസ്കൂൾ മതിയായ കെട്ടിട സൗകര്യങ്ങളുടെ അഭാവം മൂലം 500 മീറ്ററിലധികം അകലത്തിൽ രണ്ടു കോമ്പൗണ്ടുകളിലായാണ് പ്രവർത്തിക്കുന്നത്. ഇതു മൂലം സ്കൂൾ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. കുട്ടികൾ ഉച്ചക്കഞ്ഞിക്ക് പോലും അര കിലോമീറ്ററിലധികം നടന്നു പോകേണ്ട സ്ഥിതി.
ഈ സാഹചര്യം മനസ്സിലാക്കി എം.എൽ.എ ഒന്നാം ഘട്ടമായി ഒരു കോടി രൂപ അനുവദിച്ചു. മൂന്നു നിലയിലായി 10 ക്ലാസ് റൂം, നാലു ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫിസ് റൂം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. നിലവിലെ കെട്ടിടങ്ങൾ 60 വർഷത്തിലധികം പഴക്കമുള്ളതും ശോച്യാവസ്ഥയിൽ ഉള്ളതുമായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ, കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ സുകുമാരൻ, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എള്ളക്കാട്ട്, ശ്രീജ ഷൈൻ, പി. ഡി പ്രകാശ്, എസ്.സന്ദീപ്, എസ്. സജു, പി.കെ സുധീർ, കെ.ബി രാജൻ, സി.എ തോമസ്, തോമസ് മാണി കുമ്പുക്കൽ, ഉജ സുഭാഷ്, എം.കെ ഷാജി, പി. പി. സന്തോഷ് കുമാർ, സനീഷ് ബാബു, സി. എൻ മധുസൂദനൻ, ടി.സി രാജൻ, ഷീബ രാജൻ, അഞ്ജു അഭിലാഷ്, ശോഭ സജി, പി.ജി. ഗംഗ മോൾ, ശബരിനാഥ് പി. വിശ്വം, ദാമോദരൻ പതാലിൽ തുടങ്ങിയവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ഡിസീല സുൽത്താന സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ.ആർ. റാബിയത്ത് നന്ദിയും പറഞ്ഞു. നിർമാണ കമ്മിറ്റി കൺവീനർ എം.വി അനിൽകുമാർ ആമുഖപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതിലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.