മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ചോർച്ച
text_fieldsമെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഫാർമസിയുടെ മുകളിൽ മഴവെള്ളം വീഴാതിരിക്കാർ പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയിരിക്കുന്നു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ചോർച്ച. ഈ വിഭാഗത്തിലെ ഫാർമസി പ്രവർത്തിക്കുന്ന നടുത്തളത്തിന് മുകളിലിട്ടിരിക്കുന്ന പോളി കാർബൊണെറ്റ് ഷീറ്റ് പൊട്ടിയതാണ് ചോർച്ചക്കു കാരണം. കഴിഞ്ഞ ആഴ്ച ഈ ഷീറ്റ് പൊട്ടി താഴെ വീണിരുന്നു. തലനാരിഴക്കാണ് രോഗിയുടെ കൂട്ടിരിപ്പുകാരി രക്ഷപ്പെട്ടത്. ഷീറ്റ് പൊട്ടിവീണതിനെ തുടർന്ന് മഴപെയ്യുമ്പോൾ വലിയ വെള്ളക്കെട്ടാണ് നടുത്തളത്തിൽ ഉണ്ടാകുന്നത്.
ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തുന്നവർ നീന്തി വേണം മരുന്നുകൾ വാങ്ങാൻ. തറ ടൈൽസ് ആയതിനാൽ രോഗികളും കൂട്ടിരിപ്പുകാരും തെന്നിവീണതായി പറയുന്നു. വെള്ളം ഫാർമസിയുടെ മുകളിലേക്കും വീഴുന്നുണ്ട്.
ചോർച്ചയെ തുടർന്ന് മരുന്നുകൾ നനയുകയോ തണുപ്പടിക്കുകയോ ചെയ്താൽ കേടാകാതെ സൂക്ഷിക്കാൻ ഫാർമസിയുടെ മുകളിൽ പ്ലാസ്റ്റിക് പടുത ഇട്ടിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ഗർഭിണികളും മറ്റു രോഗങ്ങളും ബാധിച്ച സ്ത്രീകളുമാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. തൊട്ടടുത്ത നിലയിലെ വാർഡിൽ നവജാത ശിശുക്കളും ഗർഭിണികളുമുണ്ട്.
അതേസമയം, നടുത്തളത്തിൽ മഴ വെള്ളം പതിച്ച് വെള്ളക്കെട്ട് രൂപപ്പെടുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ, നടുത്തളത്തിന് മുകളിൽ പുതിയ പോളി കാർബൊണെറ്റ് സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡിയുമായുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചെന്നും മഴ കുറഞ്ഞാൽ ഉടൻ റൂഫിങ് നടത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.