പരിമിതികളിൽ വിതച്ചു; കൊയ്തത് സംസ്ഥാന പുരസ്കാരം
text_fieldsഅടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്കൂളിൽ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്
അടിമാലി: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്ന് ഒത്തൊരുമയോടെ മണ്ണിലിറങ്ങിയ കുട്ടികളും അധ്യാപകരും സ്വന്തമാക്കിയത് കൃഷി വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം. സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യൽ സ്‌കൂളുകൾക്ക് നൽകുന്ന അവാർഡാണ് അടിമാലി മച്ചിപ്ലാവ് കാർമൽ ജ്യോതി സ്പെഷൽ സ്‌കൂളിനെത്തേടിയെത്തിയത്.
സ്പെഷ്യൽ സ്‌കൂളിലെ 190ലധികം കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് നടത്തുന്ന മാതൃകപരമായ കാർഷിക മുന്നേറ്റമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. 18 വയസ്സിന് മുകളിലുള്ള വിദ്യാർഥികളാണ് പ്രധാനമായും കൃഷി കാര്യങ്ങളെല്ലാം നേരിട്ട് നടത്തുന്നത്. മണ്ണിൽ അധ്വാനിക്കുന്നത് കുട്ടികളുടെ അതിജീവനത്തിന്റെയും സ്വയംപര്യാപ്‌തതയുടെയും ഭാഗമായാണ് കാണുന്നതെന്ന് ഡയറക്ടർ സിസ്റ്റർ ബിജി ജോസ് പറഞ്ഞു.
ശാസ്ത്രീയവും ആധുനികവുമായ ഹോർട്ടികൾച്ചർ കൃഷി രീതികളാണ് ഇവിടെയുള്ളത്. തുറസ്സായ സ്ഥലത്തുള്ള കൃഷിയും ഒപ്പം റെയിൻ ഷെൽട്ടർ കൃഷിയും ഒരുപോലെ വിജയം കണ്ടിരിക്കുന്നു. അടിമാലി കൃഷി ഓഫിസർ ഷിജി അനിലിന്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കൃഷിഭവൻ ഉദ്യോഗസ്ഥർ ഇവിടെ നേരിട്ടെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
മൂന്നര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് വലിയ രീതിയിൽ വാഴകൃഷി നടത്തിവരുന്നു. കൂടാതെ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം നടത്തി വരുമാനം കണ്ടെത്തുന്നു.


