മാതൃക റബർ ഉൽപാദക സംഘത്തിൽ വൻ തീപിടിത്തം
text_fieldsകാഞ്ഞിരപ്പള്ളി: ചിറക്കടവ് മാതൃക റബർ ഉൽപാദക സംഘത്തിൽ വൻതീപിടിത്തം. റബർഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക് തുടങ്ങിയവ കത്തിനശിച്ചു. 25ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച പുലർച്ച 5.30ഓടെയാണ് തീപിടിത്തം. കാഞ്ഞിരപ്പള്ളിയിൽനിന്നും ഈരാറ്റുപേട്ടയിൽനിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. പുലർച്ച പുകപ്പുരയിൽനിന്നും പുകയും മണവും വരുന്നത് കണ്ട് ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയപ്പോൾ ഒട്ടുപാൽ ഉണക്കാനിട്ടിരുന്ന ഒരു പുകപ്പുര കത്തുന്നതാണ് കാണുന്നതെന്ന് ആർ.പി.എസ് പ്രസിഡന്റ് മൈക്കിൾ ജോസഫ്, സെക്രട്ടറി ഷാജിമോൻ ജോസ് എന്നിവർ പറഞ്ഞു.
അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം ഓഫിസിലേക്ക് തീപടരുന്നത് തടയാനും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും സാധിച്ചു. തീപിടിത്തത്തിൽ മൂന്ന് ടൺ ഒട്ടുപാൽ, 400 കിലോ റബർഷീറ്റ്, ഒന്നര ടൺ റബർ കോംപൗണ്ട്, 30 കിലോയുടെ രണ്ട് ജാർ ആസിഡ് എന്നിവ നശിച്ചു. ഇലക്ട്രിക് വയറിങ്, സി.സി ടി.വി ഉപകരണങ്ങൾ, ഫാനുകൾ എന്നിവയും കത്തിനശിച്ചു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി.
ബുധനാഴ്ച പുറത്തെടുക്കാനിരുന്ന റബർ ഷീറ്റുകളും കത്തിനശിച്ചു. തീപിടിത്തകാരണം വ്യക്തമായിട്ടില്ല. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പി.എസ്. ഓമനക്കുട്ടന്റെ നേതൃത്വത്തിലുള്ള സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 1987ൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം ആരംഭിച്ച സൊസൈറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച സുവർണസംഘം അവാർഡിന് അർഹരായിട്ടുണ്ട്. 2021ലെ വെള്ളപ്പൊക്കത്തിലും റബർ ഉൽപാദക സംഘത്തിന് നാശനഷ്ടമുണ്ടായിരുന്നു.