വന്യമൃഗങ്ങളെ ഓടിക്കാൻ ‘തൂക്കിയിട്ട മരുന്ന്’ കുപ്പി ഉൾപ്പെടെ അടിച്ചുമാറ്റി കുരങ്ങുകൾ
text_fieldsകോട്ടയം: കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകി തട്ടിപ്പ്. വന്യമൃഗ ശല്യത്തിൽ നിന്നു രക്ഷപെടാനുള്ള മരുന്ന് കുപ്പികളിലാക്കി വിവിധ സ്ഥലങ്ങളിൽ തൂക്കിയിട്ടാൽ മതി. ഈ മരുന്നിന്റെ മണം അടിച്ചാൽ വന്യ ജീവികൾ വരില്ല എന്നാണ് പരസ്യത്തിൽ പറയുന്നത്. പരിസ്ഥിതി സൗഹൃദമാണ് മരുന്ന് എന്നും അവകാശപ്പെടുന്നു. ഇതു കണ്ട് മരുന്നുവാങ്ങി തൂക്കിയിട്ടപ്പോൾ കുപ്പി ഉൾപ്പെടെ കുരങ്ങൻമാർ അടിച്ചുകൊണ്ടു പോയി.
പന്നിശല്യത്തിനും കുറവുണ്ടായില്ല. പറമ്പിലെ കാടുകൾ നശിപ്പിക്കാൻ എന്ന പേരിലും വിവിധ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ട്. ഇത്തരം പരസ്യം നൽകി കർഷകരെ വഞ്ചിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് സൈബർ പൊലീസ് സെല്ലിൽ പരാതി നൽകി.


