ഒന്നര നൂറ്റാണ്ടിന്റെ പഴമക്ക് പുതുമുഖം
text_fieldsകൊടികുത്തിയിൽ സൗന്ദര്യവത്കരിച്ച പൊതുകിണർ
മുണ്ടക്കയം ഈസ്റ്റ്: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കുടിവെള്ള സ്രോതസ്സിന് പുതിയ മുഖം. പെരുവന്താനം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കൊടികുത്തി അംഗൻവാടിക്ക് സമീപത്തെ 150 വർഷത്തിലധികം പഴക്കമുള്ള കിണറാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുക്കിയത്. വീടുകളിലെല്ലാം സ്വന്തം കിണറായതോടെ ആളുകൾ ഇവിടേക്ക് എത്തുന്നത് കുറഞ്ഞു. ജലഅതോറിറ്റിയുടെ ജലവിതരണം മുടങ്ങുമ്പോൾ പലർക്കും ആശ്രയം ഈ കിണർ തന്നെയാണ്.കാലപ്പഴക്കത്താൽ ചുറ്റുമതിലെല്ലാം തകർന്ന് ഉപയോഗ ശൂന്യമായതോടെയാണ് ഗ്രാമ പഞ്ചായത്ത് അംഗം നിസാർ പാറയ്ക്കൽ മതിലിനും സംരക്ഷണത്തിനുമായി 1.25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്.
പദ്ധതിക്ക് പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചെങ്കിലും തുക കുറവാണെന്ന പേരിൽ ജോലി ഏറ്റെടുക്കാൻ ആരും തയാറായില്ല. ഇതിനിടെ പ്രദേശവാസികളായ നിർമാണ കരാറുകാരായ ജിജി ഇബ്രാഹിമിനെയും മുഹമ്മദ് കുട്ടിയെയും പഞ്ചായത്ത് അംഗം പി.വൈ. നിസാർ സമീപിച്ചു ചുറ്റുമതിൽ പദ്ധതി സംബന്ധിച്ച പ്രതിസന്ധി ധരിപ്പിച്ചു. ഇതോടെ ഇരുവരും കരാർ ഏറ്റെടുക്കാമെന്ന് വാക്കു നൽകുകയായിരുന്നു. പഞ്ചായത്ത് അസി.എൻജിനീയർ അജിത്തിന്റെ രൂപകൽപനയിൽ ശില്പിയായ പുഞ്ചവയൽ 504 കോളനി നാവളത്തും പറമ്പ് ബിനോയിയാണ് ചുറ്റുമതിൽ നിർമിച്ചത്.
മുകൾവശം വെട്ടിനീക്കിയ വലിയൊരു മരക്കുറ്റിയുടെ മാതൃകയിലാണ് ചുറ്റുമതിൽ. ഇതിനോട് ചേർന്ന് കപ്പി തൂക്കാൻ ചക്കകൾ കായ്ച്ചുകിടക്കുന്ന ശിഖരം ഇറക്കിയ പ്ലാവിന്റെ ശില്പവുമാണ് തയാറാക്കിയത്. ഇതിൽ ചക്കപ്പഴം തിന്നുന്ന അണ്ണാനെയും പ്ലാവിന്റെ മറ്റൊരു ദ്വാരത്തിൽ കയറിപ്പോകുന്ന ഉടുമ്പിനെയും കൊത്തിവെച്ചു. കിണറിനൊട് ചേർന്ന് അംഗൻവാടി സ്ഥിതി ചെയ്യുന്നതിനാൽ അവിടെ എത്തുന്ന കുട്ടികൾക്ക് ഇത് കൗതുകം നൽകുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമിച്ചതിനാൽ കിണറിന്റെ ഔപചാരികമായ ഉദ്ഘാടനമോ ശിലാ ഫലകങ്ങളോ ഫ്ലക്സ് ബോർഡുകളോ വേണ്ടെന്നുവെച്ചതായി പഞ്ചായത്ത് അംഗം പി.വൈ. നിസാർ ‘മാധ്യമ’ത്തോട് പറഞ്ഞു.