ഒന്നരവർഷമായി പെന്‍ഷനില്ല; അർബുദ രോഗിയായ വയോധികക്ക് ദുരിതപർവം
text_fieldsസാവിത്രി
മുണ്ടക്കയം: ഒന്നര വർഷത്തോളമായി പെന്‍ഷനില്ല, മരുന്നുവാങ്ങുന്നതിന് ഉൾപ്പെടെ പണമില്ലാതെ അർബുദരോഗിയായ വയോധിക. കുഴിമാവ് തോപ്പില്‍ കെ.ടി. സാവിത്രിയാണ് (75) 17 മാസത്തെ നിർമാണ ക്ഷേമനിധി പെന്ഷന് ലഭിക്കാതെ ദുരിതത്തിലായത്. ചെറുപ്രായത്തില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജീവിതം ആരംഭിച്ച സാവിത്രിക്ക് 2013 മുതല്‍ പെന്ഷന് ലഭിച്ചിരുന്നു. 2023വരെ പെന്ഷന് മുടക്കമില്ലാതെ കിട്ടി. ഇപ്പോൾ വല്ലപ്പോഴും ഓരോമാസത്തെ പെന്‍ഷന്‍മാത്രമായി ഒതുങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലുമായി.
പെന്‍ഷനുവേണ്ടി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ‘ഇപ്പം ശരിയാക്കി തരാമെന്ന്’ ആവർത്തിച്ചിരുന്ന അധികാരികളും തൊഴിലാളിയൂനിയന്‍ നേതാക്കളും ഇപ്പോള്‍ കൈയൊഴിഞ്ഞമട്ടാണ്. കടംവാങ്ങിയാണ് ദൈനംദിന ജീവിതം തള്ളിനീക്കുന്നത്. നിര്‍മാണജോലി കാലത്ത് അടച്ച അംശാദായം പെന്‍ഷനായി ലഭിക്കുമെന്ന പ്രതീക്ഷയാണ് നഷ്ടമായത്. ചികിത്സപോലും നിലച്ച അവസ്ഥയിലാണ്.
സ്വന്തമായി നാലുസെന്റ് ഭൂമി മാത്രമാണുള്ള ഇവർക്ക് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ വാഗമണ്ണില്‍ മിച്ചഭൂമി അനുവദിച്ചിരുന്നു. പട്ടയവും നല്കി. എന്നാല്‍, ഇതുവരെ ഭൂമി ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഈ ഭൂമിയില്‍ ദീര്‍ഘകാലമായി വേറെ കുടുംബങ്ങള്‍ താമസിക്കുകയാണ്.
മേഖലയില്‍ നിരവധിയാളുകള്‍ക്ക് പെന്ഷന് കുടിശ്ശികയാണ്. സാമ്പത്തിക ദുരിതത്തിലായ ഇവര്‍ എല്ലാവരും ഒത്തുചേര്‍ന്ന് ക്ഷേമനിധി ഓഫിസിനുമുന്നില്‍ സമരം നടത്താനും ആലോചിക്കുന്നുണ്ട്. ഈ അവസ്ഥ തുടർന്നാൽ ആത്മഹത്യ മാത്രമേ പരിഹാരമുളളൂവെന്ന് സാവിത്രി പറയുന്നു. ‘സര്‍ക്കാര്‍ കനിയണം ജീവിതം രക്ഷിക്കണം’ എന്നുപറയുമ്പോള്‍ അതുവരെ അവർ പിടിച്ചുവെച്ച സങ്കടം കണ്ണീരായി പെയ്തിറങ്ങുകയായിരുന്നു.
നേരത്തേ, ഭര്‍ത്താവ് ഉപേക്ഷിച്ച സാവിത്രി നിര്‍മാണത്തൊഴില്‍ ചെയ്ത് രണ്ടുമക്കളെയും വളര്‍ത്തി. ഇതിനിടയിൽ മകന് മരണപ്പെട്ടു. മകളെ വിവാഹം കഴിച്ചയച്ചു. കൊച്ചുമക്കളുടെ പഠനം, വിവാഹം എന്നിവയിലെല്ലാം സാവിത്രിയും പങ്കാളിയായി.


