നസ്റിന്റെ ഭയത്തിന് വിരാമം; സന്തോഷം അലതല്ലി പറമ്പില്‍വീട്
text_fieldsറാങ്ക് ജേതാവ് നസ്റിന് പി. ഫസീമിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അനുമോദിക്കുന്നു
മുണ്ടക്കയം: സിവില്‍സര്‍വീസ് പരീക്ഷയില്‍ 703ാം റാങ്ക് നേടിയ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി നസ്റിന് പി. ഫസീമിന്റെ നേട്ടം നാടിന് അഭിമാനമായി. നസ്റിന്റെ വിജയം നാടിന് ലഭിച്ച അംഗീകാരമായാണ് നാട്ടുകാർ വിലയിരുത്തുന്നത്. വണ്ടന്‍പതാല്‍ പറമ്പില്‍ റിട്ട. അധ്യാപകന് അബ്ദുല്‍ ഫസീമിന്റെയും എം.ജി. സര്‍വകലാശാല സെക്ഷന്‍ ഓഫിസര്‍ ഷിജിയുടെയും ഏകമകളാണ് നസ്റിന്. വളരെ പ്രതീക്ഷയോടെയാണ് നസ്റിന് പരീക്ഷയെ അഭിമുഖീകരിച്ചത്. ഉള്ളിൽ ഭയം ഇല്ലായിരുന്നുവെന്ന് പറയാനാവില്ല. ചെറുപ്പം മുതലുള്ള ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് നസ്റിന്. സിവിൽ സർവീസ് എന്ന ആഗ്രഹത്തില്‍ 2023ല്‍ ശ്രമം നടത്തിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
പക്ഷെ വീട്ടുകാരും അധ്യാപകരും കൂട്ടുകാരും പിന്തുണയേകിയതോടെ കഠിനാധ്വാനത്തിലായിരുന്നു നസ്റിന്. അങ്ങനെ ഈവര്‍ഷം വിജയം നേടി. ചെറുപ്രായത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കണമെന്ന് മനസിലുണ്ടായിരുന്നു. സിവിൽ സര്‍വീസ് നേടാന്‍ കഴിഞ്ഞാല്‍ ജോലിയിലൂടെ മറ്റുള്ളവരെ സഹായിക്കാന്‍ ഏളുപ്പമാണ്, അതാണ് കഠിനാധ്വാനം നടത്തി വിജയം ലക്ഷ്യംവച്ചത് -നസ്റിന് പറഞ്ഞു.
മാതാപിതാക്കള്‍, അധ്യാപകര്‍, കൂട്ടുകാര്‍ എല്ലാവരും നല്കിയ പ്രോത്സാഹനവും മാതാപിതാക്കള്‍ നല്കിയ സംരക്ഷണവും നേട്ടത്തിന് സഹായകരമായി. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും ധൈര്യത്തോടെ വീണ്ടും പരിശീലനത്തിനറങ്ങിയപ്പോള് വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ കരുതല്‍ പറഞ്ഞറിയിക്കാനാവില്ലെന്നും നസ്റിന് മാധ്യമത്തോട് പറഞ്ഞു. വന്ന വിവാഹലോചനകൾ മാറ്റിവച്ച് മകളുടെ പഠനത്തിന് ഉമ്മ ഷിജി സൗകര്യമൊരുക്കി. ഏഴാംക്ലാസ് വരെ കുട്ടിക്കാനം സെന്റ് പയസ്സിലായിരുന്നു പഠനം. തുടര്‍ന്ന് മാന്നാനം കെ.ഇ. സ്കൂളിലും ബിരുദം പാലാ അല്‍ഫോന്‍സാ കോളജിലുമായിരുന്നു. ബിരുദാനന്തരബിരുദം സെന്‍ട്രല്‍ സർവകലാശാലയിലായിരുന്നു. രണ്ടുദിവസമായി വണ്ടന്‍പതാലിലെ വീട്ടിലേക്ക് നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് നസ്റിനെ അനുമോദിക്കാനായി എത്തുന്നത്.