മുണ്ടക്കയത്ത് കൂട്ടത്തല്ല്; രണ്ടുപേർ പിടിയിൽ
text_fieldsഅഖിൽ റെജി, അനന്തു കൃഷ്ണമുരളി
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. വണ്ടൻപതാൽ ചേക്കോട്ടിൽ അനന്തു കൃഷ്ണമുരളി (25), മുണ്ടക്കയം കിഴക്കേമുറി അഖിൽ റെജി (25) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
ഒരാഴ്ചക്കുള്ളിൽ നടന്ന രണ്ട് സംഘർഷം നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആദ്യ കൂട്ടത്തല്ല് പട്ടാപ്പകൽ ദേശീയ പാതയിലായിരുന്നെങ്കിൽ രണ്ടാമത്തെ തല്ല് രാത്രി ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു. ദേശീയപാതയിൽ നടന്ന സംഘർഷം ഒരുമണിക്കൂറോളം നീണ്ടുനിന്നിട്ടും ഒരു പൊലീസുകാരൻ പോലും തിരിഞ്ഞുനോക്കിയിരുന്നില്ല. ഇത് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കായിരുന്നു.
ഒരാഴ്ച പിന്നിട്ടതോടെ വീണ്ടും ഇതിന്റെ ബാക്കിയെന്നോണം സംഘർഷം ഉണ്ടായി. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ചായക്കടയിലെത്തിയ പ്രതികൾ ചായക്കടയിലെ യുവതിയടക്കമുള്ളവരെ അക്രമിച്ചതായി പറയുന്നു.പിന്നീട് അത് കൂട്ടയടിയായി മാറി. പൊലീസ് സംഘർഷത്തിൽ ഇടപ്പെട്ടാണ് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.