അനാസ്ഥ തുടർന്ന് അനധികൃതർ; അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ ഇതുവരെ ശരിയാക്കിയില്ല
text_fieldsതകർന്ന ക്രാഷ് ബാരിയർ
മുണ്ടക്കയം: അപകടത്തിൽ തകർന്ന ക്രാഷ് ബാരിയറുകൾ തകർന്നു തന്നെ. കൊട്ടാരക്കര -ദിണ്ഡുകൽ ദേശീയപാത 183ൽ മരുതുംമൂട് 36-ാം മൈൽ കൊടുംവളവിലെ ക്രാഷ് ബാരിയറുകൾ നാലു മാസം മുമ്പ് വാഹനാപകടത്തിലാണ് തകർന്നത്. നിറയെ യാത്രക്കാരുമായി വന്ന ട്രാവലർ ഇടിച്ച് ക്രാഷ് ബാരിയർ തകരുകയും വാഹനം റോഡിലേക്ക് തന്നെ മറിയുകയുമായിരുന്നു. തകർന്ന ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കാൻ ദേശീയപാത വിഭാഗം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
വാഹനമിടിച്ച് തകർന്നതിനെ തുടർന്ന് പാതയുടെ ഒരുഭാഗം തന്നെ അടർന്നുമാറി നിൽക്കുന്ന അവസ്ഥയിലാണ്. ഇതിനുശേഷവും മൂന്നോളം അപകടം ഈ വളവിൽ ഉണ്ടായിട്ടുണ്ട്. വാഹനയാത്രക്കാരുടെ ഭാഗ്യം കൊണ്ടാണ് തകർന്ന ക്രാഷ് ബാരിയറുകളുടെ ബാക്കി ഭാഗത്ത് ഇടിച്ച് വാഹനങ്ങൾ കുഴിയിലേക്ക് വീഴാതെ റോഡിന്റെ വശത്തു തന്നെ നിന്നത്. ഈ കൊടും വളവിൽ വാഹനാപകടങ്ങൾ പതിവാണ്. ശബരിമല തീർഥാടന കാലത്താണ് ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത്.
ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഒരുമാസം മാത്രമാണ് ബാക്കി. മുൻ തീർഥാടനകാലങ്ങളിൽ നിരവധി വാഹനങ്ങളാണ് ഈ കൊടുംവളവിൽ നിയന്ത്രണംവിട്ട് ക്രാഷ്ബാരിയറിൽ ഇടിച്ചുനിന്നത്. അമിതവേഗവും പരിചയക്കുറവും കൊടും വളവിലെത്തുമ്പോൾ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ കഴിയാത്തതുമാണ് കൊടുംവളവിൽ അപകടം പതിവാകാൻ കാരണം.


