മാഞ്ഞു പോയ സീബ്രാലൈനുകൾക്ക് ജീവൻെറ വില
text_fieldsമുണ്ടക്കയം- എരുമേലി സംസ്ഥാനപാതയിൽ മാഞ്ഞുപോയ സീബ്രാലൈൻ
മുണ്ടക്കയം: മുണ്ടക്കയം- എരുമേലി സംസ്ഥാനപാതയിൽ പുത്തൻചന്തയിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് നാളുകൾ പിന്നിടുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ പണയംവെച്ചാണ്.
സമീപത്തെ സ്കൂളിലെ നിരവധി കുട്ടികളാണ് റോഡിനെ ആശ്രയിക്കുന്നത്. കുട്ടികൾ റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിൽ വാഹനങ്ങൾ എത്തുന്നതും നിത്യ സംഭവമാണ്. കഴിഞ്ഞദിവസം അമിതവേഗത്തിൽ എത്തിയ ഓട്ടോറിക്ഷ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി ചികിത്സയിലാണ്. സ്കൂൾ സമയങ്ങളിൽ വാഹനങ്ങളിൽ നിയന്ത്രിക്കാൻ പൊലീസും ഇവിടെയില്ല.
ശബരിമല സീസണായതോടെ തീർഥാടകരുടേത് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ചീറിപ്പായുന്നത്. അപകടങ്ങൾ വരുന്നതുവരെ കാത്തുനിൽക്കാതെ മേഖലയിൽ മതിയായ സുരക്ഷ ഒരുക്കണമെന്നും പൊലീസിന്റെ സേവനം വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.