ആശങ്കയും കൗതുകവും പകർന്ന് മുണ്ടക്കയത്ത് ദുരന്തനിവാരണ അതോറിറ്റി മോക് ഡ്രിൽ
text_fieldsമുണ്ടക്കയത്ത് മോക് ഡ്രില്ലിന്റെ ഭാഗമായി നടന്ന രക്ഷാപ്രവർത്തനങ്ങൾ
മുണ്ടക്കയം: ടൗണിലൂടെ ആംബുലൻസുകൾ തലങ്ങുംവിലങ്ങും സൈറൻ മുഴക്കി പായുന്നത് കണ്ട് ജനങ്ങൾ നെട്ടോട്ടം തുടങ്ങി, എവിടെയാണ് അപകടം നടന്നതെന്നറിയാനുള്ള ആകാംക്ഷക്കിടയിൽ വെള്ളപ്പൊക്കമുണ്ടായതായും കോസ്വെ പാലം വെള്ളത്തിനടിയിലായെന്നുമുള്ള വാർത്ത കാട്ടുതീ പോലെ പടർന്നു. പുത്തൻചന്തയിൽ വെള്ളപ്പൊക്കത്തിൽ തകർന്ന കെട്ടിടത്തിൽ 10 പേർ കുടുങ്ങിയെന്നും ഉത്തരവാദിത്വപ്പെട്ടവർ നൽകിയ പ്രചാരണം ഇതോടെ വ്യാപകമായി.
വിവരമറിഞ്ഞവർ പുത്തൻചന്തയിലേക്ക് പാഞ്ഞതോടെ മുണ്ടക്കയം - എരുമേലി റോഡ് ഗതാഗതം വരെ സ്തംഭിച്ചു.ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യപ്രവർത്തകർ, അഗ്നിരക്ഷാ സേന, പൊലീസ്, റവന്യു, പഞ്ചായത്ത് അധികൃതരടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പുത്തൻചന്തയിൽ രക്ഷാപ്രവർത്തകരായി. തടി ഉരുപ്പടിയുടെ ഗോഡൗണിലുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നീക്കമായിരുന്നു അവർ നടത്തിയത്. അകത്ത് സ്ത്രീകളടക്കം രക്തത്തിൽ കുളിച്ച് പത്തോളം പേരുണ്ടായിരുന്നു. പലരും വേദന കൊണ്ട് നിലവിളിക്കുന്നതും കാണാമായിരുന്നു. ശരീരത്തിൽ പതിച്ചുകിടന്ന തടി ഉരുപ്പടികൾ നീക്കുകയെന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ ആദ്യജോലി. അപകടത്തിൽപെട്ടവരെ സ്ട്രക്ച്ചറിലാക്കി പ്രാഥമികചികിത്സ നൽകി ആംബുലൻസുകളിലേക്ക് മാറ്റി. ഇതോടെ ആംബുലൻസുകൾ അതിവേഗം നീങ്ങി. യാഥാർഥ്യത്തെ വെല്ലുന്ന മോക്ഡ്രിൽ ആളുകളിൽ ഉണ്ടാക്കിയ കൗതുകം കുറച്ചൊന്നുമല്ല.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും നടത്തിയ മോക്ഡ്രിൽ കോട്ടയം ജില്ലയിൽ മുണ്ടക്കയത്താണ് നടന്നത്. രാവിലെ ജീപ്പിൽ ദുരന്തനിവാരണ അതോറിറ്റിയുടെ വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ടായിരുന്നു. കോസ് വെ പാലത്തിലും റോഡിലും വെള്ളം കയറിയാലുള്ള രക്ഷാപ്രവർത്തനരീതിയാണ് ആദ്യഘട്ടമായി നടത്തിയത്. രണ്ടാംഘട്ടം 11ഓടെ പുന്തൻചന്തയിലും സംഘടിപ്പിച്ചു. ജനോപകാരപ്രദമായ രീതിയിൽ ഒരുക്കിയ മോക്ഡ്രിൽ നേരിൽ കാണാൻ നിരവധിപേർ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, സുനിൽകുമാർ, മുണ്ടക്കയം സി.ഐ എം.ആർ. രാകേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ് എന്നിവർ നേതൃത്വം നൽകി.