ലഹരിയുടെ പിടിയിൽ മുണ്ടക്കയവും
text_fieldsമുണ്ടക്കയം: നഗരത്തിലും പരിസരപ്രദേശങ്ങളിലും ലഹരിവില്പനയും ഉപയോഗവും വര്‍ധിക്കുന്നതായി പരാതി. യുവാക്കളെ കേന്ദ്രീകരിച്ചാണ് കച്ചവടം. എം.ഡി.എം.എ അടക്കമുള്ളവ സുലഭമാണെന്നും ആക്ഷേപമുണ്ട്. കോളജ്, സ്കൂള്‍ വിദ്യാർഥികളെ വലയിലാക്കിയാണ് വില്പന. ആദ്യം സൗജന്യമായി നല്കി ലഹരിയിലേക്ക് ആകര്‍ഷിച്ചു പിന്നീട് സ്ഥിരം ഉപഭോക്താവാക്കുകയാണ് ലഹരിസംഘങ്ങളുടെ രീതി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനിലെ രണ്ടു പ്രധാന വ്യാപാര സമുച്ചയങ്ങള്‍, ബസ്റ്റാന്‍ഡിലെ പഞ്ചാരമുക്ക്, ടി.ബി. ജങ്ഷന്, ബസ്റ്റാന്‍ഡിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലം എന്നിവിടങ്ങളിലാണ് ലഹരിക്കാരുടെ ഒത്തുചേരലും വിൽപനയും നടക്കുന്നത്. പെണ്‍കുട്ടികളും കാരിയര്മാരാവുന്നുണ്ടോയെന്നു സംശയിക്കുന്ന സാഹചര്യവും ഈ മേഖലയിലുണ്ട്. ലഹരി വിൽപന ചോദ്യംചെയ്യുന്ന നാട്ടുകാരെയും വ്യാപാരികളെയും അസഭ്യം പറയുന്നതും പതിവാണ്. അടുത്തിടെ രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മില്‍ വ്യാപാര സ്ഥാപനത്തിൽ കൂട്ടയടി നടന്നിരുന്നു.
ബസ്റ്റാന്‍ഡിനു പിന്‍വശത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ലഹരിസംഘങ്ങൾ സജീവമാണ്. ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നതും പതിവാണ്. മുണ്ടക്കയത്തെ ചില ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും ലഹരി കച്ചവടം നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. കൂട്ടിക്കല്‍ റോഡിലും ലഹരിക്കാരുടെ കൂട്ടം സജീവമാണ്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയും ഇടുക്കിയിൽനിന്നും തമിഴ്നാട്ടിൽനിന്നും കഞ്ചാവും ഇവിടേക്ക് എത്തുന്നു. മുമ്പ് ഇറച്ചിക്കോഴി കൊണ്ടുവരുന്ന വാഹനത്തില്‍ കഞ്ചാവു എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നേരിട്ട് ബൈക്കില്‍ കൊണ്ടുവന്നു വിൽപന നടത്തുന്ന നിരവധിപേരുണ്ട്.
വിദേശ മദ്യവ്യാപാരവും വ്യാപകമാണ്. മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്. കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ നിരവധി ഗ്രാമപ്രദേശങ്ങളില്‍ അനധികൃത ബ്രാണ്ടി കച്ചവടം നടക്കുന്നുണ്ട്. പെരുവന്താനം പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന മുപ്പത്തിയഞ്ചാം മൈല്ടൗണില് നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ അനധികൃത മദ്യവിൽപനയുണ്ട്. മുമ്പ് മാധ്യമ വാര്‍ത്തയെ തുടര്‍ന്നു പെരുവന്താനം പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. റെയ്ഡ് സംബന്ധിച്ച് വിവരം ചോർന്നതാണ് വിനയായത്.