ഏന്തയാര്‍ സ്കൂളിനെ മറക്കാത്ത കാനം
text_fieldsമുണ്ടക്കയം: ഏന്തയാര്‍ ഗാന്ധി മെമ്മോറിയല്‍ യു.പി സ്കൂളിലെ പൂർവ വിദ്യാര്‍ഥിയായ കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ ദുഃഖിതരാണ് അധ്യാപകരും വിദ്യാര്‍ഥികളും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് പഠനം നടത്തിയ കാനം തന്നെ കാണാനെത്തുന്ന കൂട്ടിക്കലുകാരോട് ഏന്തയാറിനെക്കുറിച്ചും സ്കൂളിനെക്കുറിച്ചുമെല്ലാം സ്നേഹാന്വേഷണം നടത്തുന്നത് പതിവായിരുന്നു. ഒടുവില്‍, 2009 മാര്‍ച്ച് 29ന് നടന്ന 60ാം സ്കൂള്‍ വാര്‍ഷികത്തിലും പങ്കെടുത്തിരുന്നു. സ്കൂളിന്റെ ശോച്യാവസ്ഥ ഇപ്പോഴത്തെ കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്റെ നേതൃത്വത്തില്‍ സ്കൂള്‍ അധികാരികള്‍ കാനത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ഉറപ്പായും പരിഹരിക്കാമെന്ന് പറഞ്ഞു പോയ കാനം മറന്നിരുന്നില്ല. ബിനോയ് വിശ്വം എം.പിയോട് സ്കൂളിന് ആവശ്യമായ ഫണ്ട് നല്കാന് നിർദേശിച്ചു. പിന്നീട് പുതിയ സ്കൂള്‍ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടത്തിന്റെ നിർമാണജോലികള്‍ അവസാനഘട്ടത്തിലാണ്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാമെന്നും കാനം സമ്മതിച്ചിരുന്നു. കൂട്ടിക്കൽ േബ്ലാക്ക് പഞ്ചായത്ത് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിനുശേഷം കെട്ടിടം ഉദ്ഘാടനം നടത്താനായിരുന്നു ആലോചിച്ചിരുന്നത്.