പൈങ്ങണ നിവാസികളെ പുലിപ്പേടിയിലാക്കി വ്യാജ വിഡിയോ
text_fieldsമുണ്ടക്കയം: പൈങ്ങണ നിവാസികളെ പുലിപ്പേടിയിലാക്കി വ്യാജ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പടരുന്നു. മുണ്ടക്കയത്ത് ദേശീയപാതയില്‍ പുലിയെ കണ്ടതായുള്ള പ്രാചരണം മൂലം പൈങ്ങണ, മുപ്പത്തിയൊന്നാംമൈല്‍ പരിസരപ്രദേശങ്ങളില്‍ നാട്ടുകാര്‍ രാത്രി പുറത്തിറങ്ങാന്‍പോലും ഭയക്കുകയാണ്.
മറ്റെവിടെയോ നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് നിരവധിപേര്‍ പ്രചരിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് പതുങ്ങി എത്തുന്ന പുലി വളര്‍ത്തുനായ് കുരയ്ക്കുന്നതോടെ ഓടിമറയുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുപ്പത്തിയൊന്നാംമൈലില് ഗ്യാസ് ഏജന്‍സിക്ക് സമീപം കണ്ട പുലിയെന്നപേരിലാണ് പ്രചാരണം. എന്നാല്‍, വിഡിയോ വ്യാജമാണന്നും അത് പ്രചരിപ്പിക്കരുതെന്നും പഞ്ചായത്തംഗങ്ങളായ ബോബി കെ മാത്യു, സൂസമ്മ മാത്യു എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പൈങ്ങണയില്‍ ദേശീയപാതയില്‍ പുലിയെ കണ്ടതായി പരിസരവാസി അറിയിച്ചതിനെതുടര്‍ന്ന് വനപാലകരും പൊലീസുമെല്ലാം എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൈങ്ങണ പള്ളി പരസരങ്ങളില്‍ പുലിയുടേതെന്ന് കരുതുന്ന കാല്പാടുകള് കണ്ടിരുന്നു. എന്നാല്‍, കണ്ടത് പൂച്ചപ്പുലി ആകാമെന്നാണ് അധികൃതര്‍ സംശിയിക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ സമീപത്തെ വിട്ടമ്മ രണ്ട് അജാഞാത ജീവികളെ കണ്ടതായി പറഞ്ഞിരുന്നു. ഇതു കൂടി ആയതോടെ പരിസരവാസികള്‍ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്. ഇതിനിടയിലാണ് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നത്.