മുണ്ടക്കയത്ത് വളർത്തുനായെ കൊലപ്പെടുത്തിയത് പുലിതന്നെയെന്ന് വനം വകുപ്പ്
text_fieldsമുണ്ടക്കയം: പുഞ്ചവയൽ പാക്കാനം ഇഞ്ചിക്കുഴി കൂപ്പിന് സമീപം വളർത്തുനായെ കൊലപ്പെടുത്തിയത് പുലിതന്നെയെന്ന് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. രണ്ടാംഘട്ടമായി കൂട് സ്ഥാപിക്കാനുള്ള നടപടികളാകും ഇനി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുക.
കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടിയിരുന്ന വളർത്തുനായെയാണ് ശനിയാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. ഷാജിയും കുടുംബവും രണ്ടുവർഷം മുന്നേ ഈ വീട്ടിൽനിന്നും മാറി വേറൊരു വീട്ടിലാണ് താമസം. രാത്രികാലങ്ങളിൽ ഷാജി വളർത്തുനായെ തുറന്നുവിടാറുണ്ട്. കഴിഞ്ഞ ദിവസം തുറന്നുവിട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കുവാൻ ചെന്നപ്പോഴാണ് വളർത്തുനായെ ചത്തനിലയിൽ കാണുന്നത്. സമീപത്ത് പുലിയുടേതാണെന്ന് കരുതുന്ന കാൽപ്പാടുകളുണ്ട്. തുടർന്ന് വീടിനു സമീപം രണ്ട് കാമറകൾ സ്ഥാപിച്ചു. ഈ കാമറകളിലെ മെമ്മറി കാർഡുകൾ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോവുകയും ചെയ്തു. കാൽപ്പാടുകൾ പുലിയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള ശ്രമങ്ങളാകും ഉണ്ടാവുക.


