മണിമുല്ല പൂത്തുലഞ്ഞു; ‘കുളിരാ’യി സുഗന്ധം
text_fieldsമണിമുല്ലക്ക് മുന്നിൽ പുരുഷോത്തമനും വിജയമ്മയും
മുണ്ടക്കയം: പട്ടണത്തിനു സമീപമുള്ള വേങ്ങക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോൾ ഒഴുകിയെത്തുന്ന സുഗന്ധം മനസ്സിന് കുളിർമയേകുകയാണ്. അത് ഒരു കുടുംബത്തിന്റെ അധ്വാനത്തിന്റെ സുഗന്ധം കൂടിയാണ്. കുഴിപ്പറമ്പിൽ കെ.എം. പുരുഷോത്തമന്റെ വീട്ടിലാണ് അപൂർവമായ മണിമുല്ല പൂത്തുലഞ്ഞത്. മഞ്ഞുകാലത്ത് മാത്രം പൂവിടുന്ന ഈയിനം ചെടി സാധാരണ ഡിസംബറിലാണ് പൂക്കുന്നതെങ്കിലും വേണ്ടകുന്നുകാർക്ക് ഇതാദ്യം.
വള്ളികളായി പടരുന്ന ഈ ചെടിക്ക് നാഗവള്ളി മുല്ല എന്നും പേരുണ്ട്. സുഗന്ധം തേടി എപ്പോഴും പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളുമെത്തുന്നതും മനസ്സിന് കുളിര് പകരുന്ന കാഴ്ചയാണ്. മൂന്ന് മുതൽ നാലു ദിവസം മാത്രമാണ് പൂവിന്റെയും സുഗന്ധത്തിന്റെയും ആയുസ്സ്. പുരുഷോത്തമൻ കർണാടകയിലെ തന്റെ കൃഷിയിടങ്ങളിൽനിന്നാണ് അപൂർവയിനം മണിമുല്ല വീട്ടിൽ നട്ടുപിടിപ്പിച്ചത്.
ഭാര്യ വിജയമ്മയും ചേർന്നാണ് മണിമുല്ലയെ പരിപാലിച്ചു വരുന്നത്. പ്രദേശത്ത് ഇത്തരമൊരു മുല്ല ആദ്യമായാണ്. അതിനാൽ സുഗന്ധത്തിന് പുറമെ ആളുകളിൽ കൗതുകവും ജനിപ്പിക്കുന്നതാണ് മണിമുല്ല.
പ്രദേശത്ത് സുഗന്ധം വ്യാപിച്ചതോടെ തൈകൾക്ക് ആവശ്യക്കാരും ഏറി. അങ്ങനെ ഈ മുല്ലത്തൈകളുടെ വിൽപനയും പുരുഷോത്തമൻ ആരംഭിച്ചു. മണിമുല്ലയുടെ ഈ അപൂർവ കാഴ്ച ആസ്വദിക്കാൻ നിരവധി പേരാണ് നിത്യേന പുരുഷോത്തമന്റെ വീട്ടിലേക്ക് എത്തുന്നത്.