സൈപ്രസിലേക്കും കൃഷ്ണപ്രിയയുടെ ചായക്കൂട്ടുകൾ
text_fieldsമുണ്ടക്കയം: രാജ്ഭവന്റെ ചുമരും കടന്ന് സൈപ്രസിലേക്ക് ചായക്കൂട്ടുകൾ എത്തുമ്പോൾ, അഭിമാനനിറവിൽ കൃഷ്ണപ്രിയ. രാജ്ഭവന്, കവടിയാര്‍ കൊട്ടാരം എന്നിവിടങ്ങളില്‍ ഈ യുവ രചയിതാവിന്റെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ ചിത്രമാണ് രാജ്ഭവന്റെ ചുമരിൽ ഇടംപിടിച്ചത്. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്ന ഇന്ത്യ-സൈപ്രസ് ട്രേഡ് കോണ്‍ഫറന്‍സില്‍ സൈപ്രസ് സ്ഥാനപതിക്ക് രണ്ട് ചിത്രങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞു. യൂറോപ്പിലെ ദ്വീപ് രാജ്യമായ സൈപ്രസിന്റെ ഹൈകമീഷണര്‍ എവ ഗ്രോസ് വ്രിയോനിഡ്സിന് ഔദ്യോഗിക ചടങ്ങില്‍ ചിത്രങ്ങള്‍ നല്കാന് ലഭിച്ച അവസരം വലിയ അംഗീകാരമായി ഈ ചിത്രകാരി മനസ്സില്‍ സൂക്ഷിക്കുന്നു.
റെഡ് ഡോര്‍, ഗ്രീനി എന്നീ നാമകരണം ചെയ്ത ചിത്രങ്ങളാണ് കൈമാറിയത്. പീരുമേട് പാമ്പനാര്‍ സ്വദേശിയും മൂന്നരവര്‍ഷമായി മുണ്ടക്കയം വണ്ടന്‍പതാലില്‍ താമസക്കാരിയുമായ കൃഷ്ണപ്രിയ ഇതിനോടകം അഞ്ഞൂറിലധികം ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു. മാതാപിതാക്കളായ ശശി നാരായണനും ശശികലയും ഒപ്പം നിന്നതാണ് വരയിൽ ഉയരങ്ങളിലെത്താൻ കാരണമെന്ന് കൃഷ്ണപ്രിയ പറയുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോൾ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയില്‍ ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കൃഷ്ണപ്രിയ ചോക്കുകൊണ്ട് മഹാത്മാഗാന്ധിയെ വരച്ചു. രാജ്യത്തിനകത്തും പുറത്തും ചിത്രങ്ങള്‍ എത്താൻ കാരണം കൃഷ്ണപ്രിയയും സഹോദരൻ കൃഷ്ണപ്രസാദും ചേര്‍ന്ന് 2020ൽ ആരംഭിച്ച ഓണ്‍ലൈൻ ആര്‍ട്ട് ഗാലറിയാണ്. കൃഷ് ആര്‍ട്സ് എന്ന ഈ ഓണ്‍ലൈൻ ആര്‍ട്ട് ഗാലറി ആയിരക്കണക്കിനാളുകളാണ് സന്ദർശിക്കുന്നത്. സിവിൽ എന്‍ജിനീയറായ ഇവർ 2018ല്‍ മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്‍സ് ആൻഡ് ഹാൻഡി ക്രാഫ്റ്റ് ഡൽഹിയുടെ ഐ.ഡി കാര്‍ഡും സ്വന്തമാക്കി.
സഹോദര ദിനത്തിൽ സഹോദരൻ കൃഷ്ണ പ്രസാദിന് അരക്കിലോമീറ്റർ നീളമുള്ള ആശംസ കത്തെഴുതി യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡും കരസ്ഥമാക്കി. മോഡേൺ ആര്‍ട്ടിൽ ശ്രദ്ധകേന്ദ്രീകരിച്ച ഈ ചിത്രകാരി മോട്ടിവേറ്ററും പ്രസംഗകയും പെരുവന്താനം പഞ്ചായത്തിലെ എൻ.ആർ.ഇ.ജി എൻജിനീയറുമാണ്.