ദിവസക്കൂലിക്കും തൊഴിൽകരം; തോട്ടം തൊഴിലാളികൾക്ക് കണ്ണീരോണം
text_fieldsമുണ്ടക്കയം: സാമ്പത്തികപ്രയാസം മൂലം ദീർഘകാലമായി നിർത്തിവെച്ചിരുന്ന തോട്ടം തൊഴിലാളി തൊഴിൽകരം പിരിവിന് ചില ഗ്രാമപഞ്ചായത്തുകൾ നിർബന്ധിക്കുന്നത് തൊഴിലാളികൾക്ക് ഇരുട്ടടിയാവുന്നു. എൽ.ഡി.എഫ് ഭരിക്കുന്ന മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളാണ് ഓണ സീസണിൽ തൊഴിലാളിൽനിന്നു കരംപിടിക്കാൻ നിർദേശം നൽകിയത്. എൽ.ഡി.എഫ് ഭരിക്കുന്ന കൊക്കയാർ, എരുമേലി കോൺഗ്രസ് ഭരിക്കുന്ന പെരുവന്താനം പഞ്ചായത്തുകൾ തൊഴിൽകര സമാഹരണം ഒഴിവാക്കിയപ്പോഴാണിത്.
ഒരു തൊഴിലാളിയിൽനിന്ന് 1000 രൂപ വീതം ഈടാക്കാനാണ് നിർദേശം. ഇത് അടിയന്തര പ്രാധാന്യത്തോടെ ശമ്പളത്തിൽനിന്ന് കട്ട് ചെയ്യുകയാണ് ഹാരിസൺ, ട്രോപ്പിക്കൽ മാനേജ്മെന്റുകൾ. മാസശമ്പള തൊഴിലാളികളിൽനിന്നും മാത്രമേ കരം പിടിക്കാവു എന്ന നിയമം കാറ്റിൽ പറത്തിയാണ് കരംപിരിവ് ഊർജിതമാക്കിയത്. മേഖലയിലെ തോട്ടങ്ങളിലെ തൊഴിലാളിക്ക് എവിടെയും മാസശമ്പളമില്ല, പകരം 571 രൂപ പ്രതിദിന ശമ്പളമാണ്. ജോലി ചെയ്തില്ലെങ്കിൽ ശമ്പളമില്ലാത്ത തൊഴിലാളികളെ ഊറ്റി പിഴിയുന്നതിലാണു പ്രതിഷേധം.
തോട്ടം തൊഴിലാളികളുടെ ശമ്പള വർധനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ദിവസവേതന വരുമാനത്തിൽ തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. കുട്ടികളുടെ പഠനം, കുടുംബത്തിന്റെ ഭക്ഷണം, മരുന്ന്, വിവാഹം എന്നിവയെല്ലാം തുച്ഛമായ ദിവസവേതനത്തിൽ കഴിയില്ല. തോട്ടങ്ങളിൽ വർഷങ്ങളായി ജോലിചെയ്ത് രോഗികളായി മാറിയ തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പുറംജോലി തേടി പോവുകയാണ്. തോട്ടം ജോലികഴിഞ്ഞ് പുറത്ത് കടകളിലും മറ്റും ജോലിക്കു പോകുന്നത് കൂടാതെ പാതിരാത്രി വരെ ഓട്ടോ ഓടിക്കുന്നവരും നിരവധിയാണ്.