ശബരിമല തീർഥാടനം പടിവാതിൽക്കൽ; അടിസ്ഥാന സൗകര്യമില്ലാതെ 35ാംമൈൽ
text_fieldsദേശീയപാതയിൽ 35ാംമൈൽ ടൗണിൽനിന്ന് വണ്ടൻപതാലിനു തിരിയുന്ന ജങ്ഷൻ
മുണ്ടക്കയം ഈസ്റ്റ്: മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുണ്ടക്കയം 35ാംമൈലിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കമെത്തുന്ന നിരവധി തീർഥാടന വാഹനങ്ങളാണ് 35 ാം മൈലിൽനിന്ന് തിരിഞ്ഞ് വണ്ടൻപതാൽ-കോരുത്തോട് റോഡിലൂടെ കടന്നുപോകുന്നത്. എരുമേലിയിലെത്താതെ ശബരിമലയ്ക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളാണ് കൂടുതലും ഇതുവഴി കടന്നുപോകുന്നത്.
ദൂരക്കുറവും യാത്ര ഭാഗത്ത് ഇരുദിശകളിൽനിന്നും ഒരേ സമയം തീർഥാടന വാഹനങ്ങളെത്തുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്. വണ്ടൻപതാൽ റോഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലത്തിന്റെ വീതിക്കുറവും ദേശീയപാതയിലടക്കം ഗതാഗതക്കുരുക്കിന് വഴിവെക്കാറുണ്ട്.
തീർഥാടനകാലം ആരംഭിക്കുന്നതോടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാകും ഇതുവഴി കടന്നുപോകുക. ഇത് മുന്നിൽകണ്ട് മതിയായ ക്രമീകരണം ഒരുക്കിയാൽ തീർഥാടന കാലത്ത് മുണ്ടക്കയം ടൗണിലടക്കം അനുഭവപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും.


