ഒന്നര പതിറ്റാണ്ടായി മലിനജലം മണിമലയാറ്റിലേക്ക്; കണ്ടില്ലെന്ന് നടിച്ച് ജനപ്രതിനിധികള്‍
text_fieldsഓടയിലൂടെയുള്ള മാലിന്യം മണിമലയാറ്റിൽ പതിക്കുന്നു
മുണ്ടക്കയം: ഒന്നര പതിറ്റാണ്ടായി മലിനജലം മണിമലയാറ്റിലേക്ക് ഒഴുകുന്നു. കാലങ്ങൾ പിന്നിടുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ജനപ്രതിനിധികള്‍. വർഷങ്ങളായി മാലിന്യം തള്ളൽ നടന്നിട്ടും അതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രം. അനധികൃത നടപടി കാണാതെ പോയത് ഇപ്പോഴത്തെ ഭരണാധികാരികൾ മാത്രമല്ല, മറിച്ച് മാറിവന്ന ഇടതു-വലത് ഭരണസമിതികളെല്ലാം വിഷയത്തിൽ ഒരുപോലെ കുറ്റക്കാരാണ്.
ഇതിനെതിരെ വിവിധ സംഘടനകള്‍ സമരം നടത്തി പരാജയപ്പെട്ടതല്ലാതെ അധികാരികള്‍ നടപടിയെടുക്കാന്‍ തയാറല്ല. കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിച്ചപ്പോഴുണ്ടായ അപാകതയാണ് ജനം ഇപ്പോഴും മുണ്ടക്കയത്ത് മലിനജലം ഉപയോഗിക്കാന്‍ കാരണം.
കംഫര്‍ട്ട് സ്റ്റേഷനിലെ ശൗചാലയ മാലിന്യം ഓടയിലൂടെ മണിമലയാറ്റിലെത്തിച്ചേരുകയാണ്. ടൗണിലെ വിവിധ കടകളിലെ മാലിന്യങ്ങളും ഒഴുക്കുന്നത് ഈ ഓടയിലൂടെയാണ്. മുമ്പ് ടൗണിലെ വിവിധ കടകളില്‍നിന്ന് ശൗചാലയ മാലിന്യം ഓടയിലൂടെ ഒഴുക്കിയത് കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു.
പിന്നീട് പഞ്ചായത്തോ ആരോഗ്യവകുപ്പോ പരിശോധന കാര്യമായി നടത്താതിരിക്കുന്നതിനാല്‍ ഇപ്പോഴും ഒഴുക്കുകയാണെന്നതാണ് സത്യം. കംഫര്‍ട്ട്സ്റ്റേഷനിലെ ശൗചാലയ മാലിന്യം ഇവിടേക്ക് ഒഴുക്കുന്നത് തടയാന്‍ നിരവധി തവണ പഞ്ചായത്ത് നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്ന് മാത്രം.
മണിമലയാറ്റിലെ ഉപ്പുനീറ്റുകയത്തില്നിന്ന് വെള്ളം പമ്പുചെയ്താണ് ജലവിതരണ വകുപ്പ് മുണ്ടക്കയത്തും പരിസരത്തും കുടിവെള്ളം എത്തിക്കുന്നത്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മാലിനം ഒഴുകിയെത്തുന്നത് കണ്ടെത്താന്‍ ആകില്ലെങ്കിലും ടൗണിലെ മാലിന്യം നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് മണിമലയാറും ടൗണിലെ പഞ്ചായത്തുവക ഓടയുമെന്നതാണ് സത്യം.