കോരുത്തോട്ടിൽ തെരുവു നായ് ശല്യം; അധ്യാപികക്കും മകനും കടിയേറ്റു
text_fieldsമുണ്ടക്കയം: പുലിക്കുന്നിനു പിന്നാലെ കോരുത്തോട്ടിലും തെരുവു നായ് ശല്യം. അധ്യാപികക്കും അഞ്ചുവയസ്സുകാരൻ മകനും കടിയേറ്റു. കോരുത്തോട്, പള്ളിപ്പടി മേഖലയിലാണ് അതിരൂക്ഷമായ തെരുവുനായ് ശല്യം.
കഴിഞ്ഞ ദിവസമാണ് പള്ളിപ്പടി സെൻറ് ജോർജ് യു.പി. സ്കൂളിലെ അധ്യാപിക റോണിയ പി. ചാക്കോ, മകൻ ഇവാൻ ജേക്കബ് എന്നിവർക്ക് കടിയേറ്റത്. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രാവിലെ നടന്നു വരുന്നതിനിടെ നായ് ആക്രമിക്കുകയായിരുന്നു. കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും വഴി നടക്കാനാവാത്ത വിധം തെരുവുനായ്ക്കൾ റോഡ് കൈയേറിയിരിക്കുകയാണ്. നാട്ടുകാരും രക്ഷിതാക്കളും ഭീതിയിലാണ്. നിരവധി കുട്ടികൾ പഠിക്കുന്ന നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ സമരങ്ങളിലേക്ക് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം. ഇതു സംബന്ധിച്ചു നിരവധി തവണ പരാതി പറഞ്ഞിട്ടും കോരുത്തോട് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം മുണ്ടക്കയം പുലിക്കുന്നിൽ തെരുവ് നായ് നിരവധിയാളുകളെ ആക്രമിച്ചിരുന്നു.