വള്ളിയാങ്കാവ് റോഡ് തകർന്നു; നാടിന് യാത്ര ദുരിതം
text_fieldsതകർന്ന വള്ളിയാങ്കാവ് റോഡ്
മുണ്ടക്കയം ഈസ്റ്റ്: പ്രശസ്ത ക്ഷേത്രമായ വള്ളിയാങ്കാവിലേക്കുള്ള റോഡ് തകർന്നതോടെ നാട്ടുകാരുടെയും ഭക്ത ജനങ്ങളുടെയും യാത്ര ദുരിതത്തിലായി. 35ാം മൈലിൽ നിന്ന് മുന്നോട്ടുള്ള യാത്രയിൽ മണിക്കൽ മുതൽ തുടങ്ങും റോഡിന്റെ ശോച്യാവസ്ഥ. വള്ളിയാങ്കാവ് ഭാഗത്തേക്ക് എത്തുമ്പോൾ കൂടുതൽ ദയനീയമാകും. ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് റോഡ് നിർമാണത്തിന് തുക അനുവദിച്ചിരുന്നു. റോഡ് നിർമാണത്തിന്റെ ഭാഗമായി ടാറിങ് പൊളിച്ച് മെറ്റിൽ നികത്തി സോളിങ് നടപടി പൂർത്തീകരിച്ച ശേഷം കരാറുകാരൻ റോഡ് നിർമാണം ഉപേക്ഷിച്ചു. ഇതോടെ മെറ്റലുകൾ പലഭാഗത്തായി ചിതറി. ഇപ്പോൾ മൺറോഡിന്റെ അവസ്ഥയിൽ ആയി.
എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളും വള്ളിയാങ്കാവ് നിവാസികളും അല്ലാതെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് എത്തുന്നവരും ഈ തകർന്ന റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. റോഡിന് സമാന്തരമായുള്ള റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. വന്യമൃഗ ഭീഷണി ഉൾപ്പെടെയുള്ള ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ പോകാൻ ഭയക്കുകയാണ് നാട്ടുകാർ. മണിക്കല്ലിൽ നിന്ന് ആനക്കുളം വഴി മഞ്ഞക്കല്ലിലേക്കുള്ള റോഡും തകർന്നു. മൂന്നു വഴികളും ഉടൻ ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


