രാത്രി വീടിന്റെ ഉമ്മറത്ത് കാട്ടാന; വയോ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsപടലിക്കൽ ദാസനും ഭാര്യ പുഷ്പയും കാട്ടാന നശിപ്പിച്ച കൃഷി ചൂണ്ടിക്കാണിക്കുന്നു
മുണ്ടക്കയം: കൂരാകൂരിരുട്ടിൽ കാട്ടാന വീടിന്റെ ഉമ്മറത്ത് കയറി ചിന്നംവിളിച്ചപ്പോൾ നിലവിളിക്കാൻ പോലും കഴിയാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു കോരുത്തോട്, കൊമ്പുകുത്തി പടലിക്കാട്ട് ദാസനും ഭാര്യ പുഷ്പയും. വെള്ളിയാഴ്ച രാത്രിയിലാണ് കൊമ്പുകുത്തി ഗ്രാമത്തെ ഞെട്ടിച്ച കാട്ടാന വിളയാട്ടം നടന്നത്.
വൈകിട്ട് ആനയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെന്ന് അറിഞ്ഞ ദാസൻ വീടിനടുത്ത് കാട്ടാനവരുന്നത് തടയാൻ റബർ ഷീറ്റുണ്ടാക്കുന്ന ഡിഷുകൾ അടിച്ച് ശബ്ദം ഉണ്ടാക്കിയ ശേഷമാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ രാത്രി 11 ആയപ്പോൾ വീട്ടുമുറ്റത്ത് ആനയുടെ ശബ്ദംകേട്ട് എഴുന്നേറ്റു. ഭാര്യ പുഷ്പ ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് ആനയെ ഓടിക്കുവാനായി റബർ ഷീറ്റ് ഡിഷ് എടുത്ത് തിരിച്ച് വീട്ടിലേക്ക് കയറുന്നതിനിടയിലാണ് കാട്ടാന പാഞ്ഞടുത്തത്.
വീടിന്റെ സിറ്റ് ഔട്ടിൽ മുൻകാൽ എടുത്തുവെച്ച് പുഷ്പക്ക് നേരെ മുന്നോട്ടടുക്കുകയായിരുന്നു. അപകടം മനസിലാക്കിയ ദാസൻ ഞൊടിയിടയിൽ ഭാര്യയെ തള്ളിമാറ്റിയതിനാൽ വൻദുരന്തം വഴിമാറി. ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷം ദമ്പതികൾ വിവരിച്ചപ്പോൾ ഇരുവരുടെയും കണ്ണു നനഞ്ഞു.