Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ നഗരസഭ...

പാലാ നഗരസഭ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം; നോട്ടീസ് നൽകിയത് എൽ.ഡി.എഫ്

text_fields
bookmark_border
പാലാ നഗരസഭ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം; നോട്ടീസ് നൽകിയത് എൽ.ഡി.എഫ്
cancel

കോട്ടയം: യു.ഡി.എഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽ.ഡി.എഫ്. കോട്ടയം തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എം, സി.പി.എം കൗൺസിലർമാരടക്കം 12 പേർ ഒപ്പിട്ട അവിശ്വാസം ഈ മാസം 21ന് ചർച്ചക്കെടുക്കും.

കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസം പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് എൽ.ഡി.എഫ് നീക്കം. അവിശ്വാസ പ്രമേയം നൽകിയത് ഭരണത്തിലേറാനല്ലെന്നും രാഷ്ട്രീയ ധാർമികതയുടെ പേരിലാണെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. യു.ഡി.എഫിൽ പ്രതിസന്ധിയാണ്. നഗരസഭ ഭരണം നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. താൻ പാലാ നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയുടെ ചെയർപേഴ്സനല്ലെന്നും യു.ഡി.എഫ് ഫ്ലാറ്റ്ഫോമിൽ നിൽക്കുന്ന യു.ഡി.എഫ് ചെയർപേഴ്സനാണെന്നും അവിശ്വാസ പ്രമേയ നോട്ടീസിനോട് പ്രതികരിച്ച അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽ.ഡി.എഫ് മുന്നണിക്ക് 12 പേരാണുള്ളത്. അതേസമയം, യു.ഡി.എഫിൽ ആറ് കോൺഗ്രസ് അംഗങ്ങളും മൂന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരു കെ.ഡി.പി കൗൺസിലറുമുണ്ട്. കൂടാതെ, കോൺഗ്രസ് വിമതയുടെയും സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടം അടക്കം മൂന്നുപേരുടെയും പിന്തുണയിലാണ് നഗരസഭ യു.ഡി.എഫ് ഭരിക്കുന്നത്.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചതാണ് യു.ഡി.എഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിൽ അഭിപ്രായഭിന്നത ഉടലെടുക്കാൻ വഴിവെച്ചത്. സ്വതന്ത്ര കൂട്ടായ്മയിലെ അംഗം മർദിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലറും അധ്യക്ഷയുടെ ഒാഫിസ് മുറിയിൽ അതിക്രമിച്ച് കയറിയെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർക്കെതിരെ നഗരസഭ സെക്രട്ടറിയും പൊലീസിൽ പരാതികൾ നൽകിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് അനുവദിച്ചതാണ് കോൺഗ്രസും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള അഭിപ്രായഭിന്നതക്ക് ഇടയാക്കിയ അവസാന സംഭവം. സ്റ്റാൻഡ് അനുവദിക്കരുതെന്ന് കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ചെയർപേഴ്സൻ വിഷയം വോട്ടിനിടുകയും ഇടതുപക്ഷത്തെ 12 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയും ചെയ്തു.

ഇതേതുടർന്നാണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിക്കുന്നതായി കോൺഗ്രസ് അംഗങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, നഗരസഭയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കെ.പി.സി.സിയോട് കോൺഗ്രസ് ജില്ല നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

Show Full Article
TAGS:kottayam_Local news pala municipality No-confidence motion LDF 
News Summary - No-confidence motion against Pala Municipality chairperson; LDF issues notice
Next Story