നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ‘വഴികാട്ടി’ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം
text_fieldsവഴികാട്ടി’ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം
പാലാ: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ‘വഴികാട്ടി’ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കെയർ ആൻഡ് ഷെയറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം മുത്തോലി സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക്ക് തോമസ് നിർവഹിച്ചു.
മമ്മൂട്ടിയും അദ്ദേഹം നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും നിരവധി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വഴികാട്ടിയുടെ കീഴിലുള്ള ‘ടോക്ക് ടു മമ്മൂക്ക’ എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൗൺസിലിങ് പോലെയുള്ള ആവശ്യങ്ങൾ ഹെൽപ്പ് ലൈനിലൂടെ അറിയിക്കാം. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലും കോളജുകളിലുമെല്ലാം കെയർ ആൻഡ് ഷെയർഫൗണ്ടേഷൻ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തുന്നുണ്ട്. വിവിധ പദ്ധതികളിലൂടെ കുട്ടികൾക്കായുള്ള സൗജന്യ റോബോട്ടിക് സർജറി, സൗജന്യ ഹൃദയ വാൽവ് സർജറി, സൗജന്യ വൃക്ക ട്രാൻസ്പ്ലാന്റേഷൻ, ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയുംഫൗണ്ടേഷൻ നടത്തിവരുന്നു.
മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ഡോ. മാത്യു ആനത്താരക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ആമുഖപ്രസംഗം നടത്തി. ശ്രീരാമകൃഷ്ണ മഠം മേധാവി വീധസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി മാത്യു, ഹെഡ്മിസ്ട്രസ് പി.ജെ. ട്രീസാ മേരി എന്നിവർ സംസാരിച്ചു. മരിയൻ കോളജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.