മാനത്തൂർ വാർഡിൽ മലേറിയ സ്ഥിരീകരിച്ചു
text_fieldsപാലാ: കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിൽ മലേറിയ സ്ഥിരീകരിച്ചു. മലയോരമേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ സ്ത്രീക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ആദ്യമായാണ് മലേറിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതേ തുടർന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള കോട്ടയത്തെ മലേറിയ നിയന്ത്രണ അതോറിറ്റി അധികൃതർ സ്ഥലത്ത് എത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിങ് നടത്തി. കടനാട് പി.എച്ച്.സി, ഉള്ളനാട് സി.എച്ച്.സി എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അമ്പതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധക്ക് അയച്ചു. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞദിവസം പ്രദേശത്ത് ഫോഗിങും നടത്തി.
ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. അനോഫിലിക്സ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിട്ടുമാറാത്ത പനിയാണ് രോഗലക്ഷണം. രോഗബാധിതയുടെ വീടുപണിക്ക് എത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഇവർക്ക് പനി ബാധ ഉണ്ടായതെന്നാണ് സംശയം.
ഇവരുടെ കൂട്ടത്തിൽപ്പെട്ട തൊഴിലാളികളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളും, കൈതകൃഷിയും വ്യാപകമായുള്ള പ്രദേശമാണിവിടം. ഇത് കൊതുകുകൾ മുട്ടയിട്ട്പെരുകാൻ ഇടയാക്കുന്നുണ്ട്.
അടിയന്തര സാഹചര്യം മുൻനിർത്തി വീടുകളും പരിസരവും ശുചീകരിച്ച് സൂക്ഷിക്കാനും കൊതുക് നിയന്ത്രണത്തിന് തോട്ടങ്ങളിലും വീട്ടുപരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധയെ തുടർന്ന് പഞ്ചായത്ത് വാർഡുകളിൽ കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു.