പാലാ ഗവ. ജനറല്‍ ആശുപത്രി; കെട്ടിട നമ്പറില്ല, ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റില്ല, എന്‍.ഒ.സിയുമില്ല
text_fieldsപാലാ ഗവ. ജനറല്‍ ആശുപത്രി
നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലറായ സിജി ടോണി രേഖാമൂലം ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി ലഭിക്കാൻ ആവശ്യമായ കെട്ടിട നമ്പറോ ഫയര്‍ എന്‍.ഒ.സിയോ ഇല്ല എന്ന സത്യം നഗരസഭ അധികൃതര്‍ വെളിപ്പെടുത്തിയത്
പാലാ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഗവ. ജനറല്‍ ആശുപത്രിയുടെ കെട്ടിടങ്ങള്‍ക്ക് ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റില്ലെന്ന് ഗുരുതര വെളിപ്പെടുത്തല്‍. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലറായ സിജി ടോണി രേഖാമൂലം ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായിട്ടാണ് കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി ലഭിക്കാൻ ആവശ്യമായ കെട്ടിട നമ്പറോ ഫയര്‍ എന്‍.ഒ.സിയോ ഇല്ല എന്ന സത്യം നഗരസഭ അധികൃതര്‍ വെളിപ്പെടുത്തിയത്.
2019-20ല്‍ ഉപയോഗിച്ചു തുടങ്ങിയ കെട്ടിടത്തിന് കോവിഡ് സാഹചര്യത്തില്‍ അടിയന്തര പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു എന്ന ന്യായീകരണം നിരത്തിയപ്പോള്‍ കോവിഡിന് ശേഷം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഭരണസമിതിയുടെ ഗുരുതര കൃത്യവിലോപം പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
കെട്ടിട നമ്പറും ഫയര്‍ എൻ.ഒ.സിയും ഇല്ലെന്നത് അതിഭീകരമായ സുരക്ഷ വീഴ്ചയാണെന്നും ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിനാളുകളുടെ ജീവന് അപകടം ഉയര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ ഗുരുതര സുരക്ഷാവീഴ്ചകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ വെളിപ്പെട്ടിട്ടും മുനിസിപ്പല്‍ അധികൃതരുടെയും ഭരണസമിതിയുടെയും നിസ്സംഗത ജനങ്ങളുടെ ജീവനിട്ട് പന്താടുന്നതിന് തുല്യമാണെന്നും ആരോപിച്ചു.
ഗവ. ആശുപത്രി വിഷയത്തില്‍ കൗണ്‍സിലില്‍ ഭരണപക്ഷം എടുത്തനിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കൗണ്‍സില്‍യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സിജി ടോണി, ജോസ് എടേട്ട്, ജിമ്മി ജോസഫ്, പ്രിന്‍സ് വിസി, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, മായ രാഹുല്‍ എന്നിവർ സംസാരിച്ചു.
ഭരണസമിതി തെറ്റുതിരുത്തി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന് തൊട്ടു പിന്നാലെയാണ് പാലാ താലൂക്ക് ആശുപത്രി കെട്ടിടത്തിലെ സുരക്ഷാവീഴ്ചകളും സര്‍ക്കാര്‍ വകുപ്പുകളുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.
ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഇലക്ട്രിക്കല്‍ കണ്ട്രോള് റൂമുകള്‍ക്കും ബാറ്ററികള്‍ക്കും സമീപമായിട്ടാണെന്നും ഇത് ഗുരുതരമായ അഗ്നിബാധക്ക് വഴിവെക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ഇത്രയും ഗൗരവകരമായ വിഷയങ്ങള്‍ പുറത്തുവന്നിട്ടും തെറ്റ് തിരുത്തല്‍ നടപടികള്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ചൂണ്ടിക്കാട്ടി.