പാലാ നഗരസഭ പിടിക്കാൻ എൽ.ഡി.എഫും
text_fieldsപാലാ: യു.ഡി.എഫിനു പിന്നാലെ നഗരസഭ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ പുളിക്കക്കണ്ടം കുടുംബത്തെ കൂടെ നിർത്താൻ എൽ.ഡി.എഫും നീക്കം തുടങ്ങി. മന്ത്രി വി.എൻ. വാസവൻ പുളിക്കക്കണ്ടം കുടുംബത്തിലെ സ്വതന്ത്ര കൗൺസിലർമാരെ കണ്ടു. എന്നാൽ ഇരുകൂട്ടരുമായും സംസാരിച്ചെങ്കിലും ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം കുടുംബം വ്യക്തമായ തീരുമാനമെടുത്തിട്ടില്ല.
ചൊവ്വാഴ്ച രാത്രിയോടെയും ബുധനാഴ്ച രാവിലെയുമായി വീണ്ടും വിശദചർച്ച നടത്തുമെന്നും ശേഷമേ പ്രഖ്യാപനം ഉണ്ടാവൂ എന്നും അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഇരുമുന്നണികളുമായി പ്രാഥമിക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളൂ. വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ബിനു വ്യക്തമാക്കി.
യു.ഡി.എഫ് സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസം ഫോണിലാണ് ബിനുവിനെ ബന്ധപ്പെട്ട് പിന്തുണ തേടിയത്. തിങ്കളാഴ്ച മന്ത്രി വി.എൻ. വാസവനും സി.പി.എം നേതാക്കളും എത്തി സംസാരിച്ചു.
മകൾ ദിയക്ക് ചെയർപേഴ്സൻ സ്ഥാനവും ബിനുവിന് വൈസ്ചെയർമാൻ സ്ഥാനവും ആണ് ആവശ്യം. ഇതിനു വഴങ്ങുന്നവർക്കൊപ്പം നിൽക്കാനാണ് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്രൻമാരുടെയും തീരുമാനം. 26 അംഗങ്ങളുള്ള നഗരസഭയിൽ യു.ഡി.എഫ്-10, എൽ.ഡി.എഫ്- 12, സ്വതന്ത്രൻ- നാല് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരിൽ മൂന്നുപേർ പുളിക്കക്കണ്ടം കുടുംബാംഗങ്ങളും ഒരാൾ കോൺഗ്രസ് വിമതയുമാണ്. ഈ നാലുപേരെയും ഒന്നിച്ച് കൂടെ കൂട്ടിയാലേ യു.ഡി.എഫിന് കേവലഭൂരിപക്ഷമായ 14 എന്ന സംഖ്യയിലെത്താനാവൂ.
മാത്രമല്ല, കോൺഗ്രസ് വിമതയായ മായ രാഹുലിനും ചെയർപേഴ്സൻ സ്ഥാനം നൽകേണ്ടിവരും. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ജോസഫ് വിഭാഗത്തിന് മൂന്നും മാണി സി. കാപ്പന്‍റെ പാർട്ടിക്ക് ഒരു സീറ്റുമാണുള്ളത്. കോൺഗ്രസിനും കേരള കോൺഗ്രസിനും ചെയർപേഴ്സൻ സ്ഥാനം നൽകണം. ഇതെല്ലാം യു.ഡി.എഫിനെ സംബന്ധിച്ച് കീറാമുട്ടികളാണ്.
ഇനി കോൺഗ്രസ് വിമത എൽ.ഡി.എഫിനൊപ്പവും പുളിക്കക്കണ്ടം കുടുംബം യു.ഡി.എഫിനും ഒപ്പം നിന്നാൽ അംഗസംഖ്യ തുല്യമാവുകയും നറുക്കിട്ട് ഭാഗ്യപരീക്ഷണം തേടേണ്ടിയും വരും. എൽ.ഡി.എഫിനെ സംബന്ധിച്ച് പുളിക്കക്കണ്ടം കുടുംബത്തെ മാത്രം കൂടെ കൂട്ടിയാൽ മതിയാകും. അങ്ങനെ വന്നാൽ അഡ്വ. ബിനുവിന് അതൊരു മധുരപ്രതികാരമാവും.
ജോസ് കെ. മാണിയുടെ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ ഭരണസമിതിയിലെ ഏക സിപി.എം. അംഗമായിരുന്ന ബിനുവിന് ചെയർമാൻ സ്ഥാനം നിഷേധിക്കപ്പെട്ടതും തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതും. നഗരസഭയിലെ 13,14,15 വാർഡുകളിൽനിന്നാണ് ബിനു പുളിക്കക്കണ്ടം, മകൾ ദിയ, സഹോദരൻ ബിജു എന്നിവർ ജയിച്ചത്.


