മലിനീകരണം രൂക്ഷം; റബർ ഫാക്ടറിക്കെതിരെ നാട്ടുകാർ
text_fieldsപ്രതീകാത്മക ചിത്രം
പാലാ: രൂക്ഷമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന വെള്ളഞ്ചൂരിലെ ക്രംബ് ഫാക്ടറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെള്ളഞ്ചൂരുള്ള ക്രംബ് ഫാക്ടറിയുടെ പ്രവര്‍ത്തനം രൂക്ഷമായ പരിസര മലിനീകരണത്തിന് കാരണമാകുന്നതായി കാണിച്ച് നാട്ടുകാര്‍ ആർ.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ 10 വര്‍ഷമായി അടഞ്ഞുകിടന്ന ഫാക്ടറി മൂന്നു മാസം മുമ്പാണ് ബക്ഷി എന്ന ഉത്തരേന്ത്യക്കാരൻ മുഖേന തുറന്നു പ്രവര്‍ത്തിക്കാൻ തുടങ്ങിയത്. ലീസിന് ഏറ്റെടുത്തു നടത്തുന്ന കമ്പനിയില്‍ നിന്നും ഉദ്ദേശം 10 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ ചുറ്റളവില്‍ കോളനികളില്‍ ഉള്‍പ്പെടെ പാലാ മുന്‍സിപ്പാലിറ്റിയിലെയും കരൂര്‍ പഞ്ചായത്തിലെയും ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കമ്പനിയില്‍ നിന്ന് പുറത്തു വരുന്ന വിഷമയമായ വായുവും ജലമലനീകരണവും മൂലം ജീവിതം ബുദ്ധിമുട്ടിലാണെന്ന് പരാതിയില്‍ പറയുന്നു.
പ്രായമായവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസം മുട്ടല്‍, അലര്‍ജി എന്നീ അസുഖങ്ങളുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കമ്പനിയില്‍ നിന്നും വന്‍തോതില്‍ പുറത്തേക്ക് ഒഴുക്കുന്ന മലിനജലം സമീപത്തുള്ള വയലിലൂടെ ചെറിയ തോട്ടിലേക്കും അവിടെനിന്നും ളാലം വലിയ തോട്ടിലേക്കും എത്തുന്നു. എന്നാല്‍, പരാതി കിട്ടിയിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലിനജലം സമീപത്തുള്ള കിണറുകളിലേക്കും കുടിവെള്ള പദ്ധതികളുടെ ഭാഗമായ കിണറ്റിലേക്കും ഒഴുകിയെത്തുന്നത് ശുദ്ധജല വിതരണ പദ്ധതികൾ ഉപയോഗശൂന്യമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഫാക്ടറി കൊണ്ട് പ്രദേശത്തെ റബര്‍ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും റബര്‍പാല്‍ സംഭരണം കമ്പനി നടത്തുന്നില്ലെന്നും പരിസര മലിനീകരണത്താല്‍ മൂക്കുപൊത്തുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.


