ഇടഞ്ഞോടിയ ആന നാടിനെ ഭീതിയിലാക്കി
text_fieldsഐങ്കൊമ്പിൽ ഇടഞ്ഞോടിയ ആനയെ മെരുക്കിയ ശേഷം
പാലാ: ഐങ്കൊമ്പിൽ ഇടഞ്ഞോടിയ ആന വാഹനങ്ങളും ഫര്‍ണീച്ചര്‍ സ്ഥാപനവും തകർത്തു. പാലാ - തൊടുപുഴ റോഡില്‍ ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. അഞ്ചാംമൈലില്‍ ഉടമയുടെ വീട്ടിന് സമീപത്തുനിന്നാണ് ആറാംമൈല്‍ ഭാഗത്തേക്ക് ഇടഞ്ഞോടിയത്. അര കിലോമീറ്ററോളം പ്രധാനറോഡിലൂടെ ഓടി.
ട്രെന്‍ഡ്സ് ഫര്‍ണിച്ചർ സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തെത്തിയ ആന കണ്ണാടിച്ചിലുകള്‍ തകര്‍ത്തു. പിന്നിലെ ഗോഡൗണിലെത്തി ഫര്‍ണിച്ചറും ഉപകരണങ്ങളും നശിപ്പിച്ചു. ആനയെ കണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പാപ്പാന്മാര് ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല. പിന്നീട് പുരയിടങ്ങളിലേക്ക് കയറിയ ശേഷം അരകിലോമീറ്ററോളം ഓടി.
വീട്ടുമുറ്റത്ത് കിടന്ന രണ്ടു കാറുകള്‍ക്ക് നാശമുണ്ടാക്കി. ഐങ്കൊമ്പ് പത്ര ഏജന്റ് സജിയുടെ വീടിന് മുന്‍ഭാഗത്തുണ്ടായിരുന്ന മേല്‍ക്കൂരക്കും നാശമുണ്ടാക്കി. കുന്നുംപുറത്ത് തങ്കച്ചന്റെ കോഴിക്കൂടും തകര്‍ത്തു. കരിങ്ങനാതടത്തില്‍ സുരേഷ് ഉള്‍പ്പടെ നിരവധിയാളുകളുടെ കൃഷികളും നശിപ്പിച്ചു. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് സമീപത്തെ തോട്ടത്തിലേക്ക് കയറിയ ആനയെ ഏറെനേരം കഴിഞ്ഞാണ് കൂച്ചുവിലങ്ങിട്ടത്.


