പായസപ്രേമികളേ ഇതിലേ.. ഇതിലേ...
text_fieldsകോട്ടയം: പായസം പ്രിയമല്ലാത്ത മലയാളികൾ കുറവാണ്. ഓണത്തിനും വിഷുവിനും ജന്മദിനാഘോഷങ്ങൾക്കുമെല്ലാം പായസം ഒഴിവാക്കാൻ സാധിക്കില്ല. പായസപ്രേമികൾക്കായി നഗരത്തിൽ എസ്.എച്ച് മൗണ്ട് റോഡിനടുത്തായി ഒരു 'പായസക്കട'യുണ്ട്. വടവാതൂർ സ്വദേശിനി ദീപ്തിയുടെ നേതൃത്വത്തിലുള്ള 'ടേസ്റ്റ് ട്രീസ് പായസക്കട' യാണിത്. സഹായത്തിനായി അമ്പിളിയുമുണ്ട്. എറണാകുളം ജില്ലയിൽ മൂന്ന് വർഷം മുമ്പ് ദീപ്തിയുടെ സഹോദരി ആരംഭിച്ച സംരംഭമാണ് ടേസ്റ്റ് ട്രീസ് പായസക്കട. അവിടെ വൻവിജയമായതോടെ കോട്ടയത്ത് ഒരുയൂനിറ്റ് ആരംഭിക്കാം എന്ന തീരുമാനവുമായാണ് പായസക്കട ആരംഭിച്ചത്. സീസൺ അടുക്കുമ്പോൾ മാത്രമേ പായസത്തെ ജനങ്ങൾ തേടിവരൂ എന്ന ചിന്ത ദീപ്തിക്ക് പാടേ മാറി. ദിവസേന പായസത്തിനായി സമീപിക്കുന്നവർ ധാരാളം. ഒന്നര വർഷമായി പായസക്കട ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞുപോയ ഓണത്തിനും വിഷുവിനും കൂടാതെ മറ്റ് വിശേഷദിവസങ്ങളിലുമായി പായസം മികച്ച രീതിയിൽ വിൽപന നടന്നിരുന്നു. ഓൺലൈനായും നേരിട്ടും പായസം വാങ്ങാനെത്തുന്നവർ നിരവധിയാണ്. പാലട, പരിപ്പ്, അടപ്രഥമൻ, ഗോതമ്പ്, മുളയരി, സേമിയ, പഴംപ്രഥമൻ, ഫ്രഷ് ഫ്രൂട്സ് മിക്സ് പായസം തുടങ്ങി 20 തരത്തിൽ പായസങ്ങൾ ഇവിടെ ലഭിക്കും. ലിറ്ററിന് 270 രൂപ, അരലിറ്ററിന് 140 രൂപ, ഒരു ഗ്ലാസിന് 40 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. ഉണ്ണിയപ്പം, ചിപ്സ് പോലുള്ള ഹോംമെയ്ഡ് സ്നാക്സുകളും ഇവിടെ ലഭിക്കും.
തുടക്കത്തിൽ വലിയ കച്ചവടം ഉണ്ടായിരുന്നില്ല. ബാക്കി വന്നതൊക്കെ കളയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാൽ, തോറ്റുകൊടുക്കാൻ തയാറായില്ല, നന്നായി റിസ്ക് എടുത്തു. അതുകൊണ്ടുതന്നെ പായസക്കട അത്യാവശ്യം വിജയത്തിലാക്കാൻ സാധിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ദീപ്തി. ദീപ്തിയുടെ ഭർത്താവ് അനന്ദകൃഷ്ണൻ കൊട്ടാരക്കരയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്നു. വിഷ്ണുവും കൈലാസുമാണ് മക്കൾ. നഗരത്തിൽ ഇനിയും പായസക്കടയുടെ യൂനിറ്റുകൾ തുടങ്ങാനുള്ള പ്ലാനിലാണ് ദീപ്തിയും സംഘവും.