ഒരു പട്ടികയിലുമില്ല ഈ തെരുവിന്റെ മക്കൾ
text_fieldsകോട്ടയം: സംസ്ഥാനത്ത് അതി ദരിദ്രരില്ലാത്ത ആദ്യ ജില്ല, സാക്ഷര നഗരി... അങ്ങനെയെല്ലാമായ കോട്ടയത്തുനിന്നുള്ള കാഴ്ചയാണിത്. നഗരമധ്യത്തിൽ ഇടിഞ്ഞുപൊളിയാറായ കെട്ടിടഭാഗത്തിനു കീഴിൽ അഭയം തേടിയ നാലുപേർ. ആലപ്പുഴ കിടങ്ങറ സ്വദേശി വന്ദനം, ഭാര്യ രജനി, റാന്നി സ്വദേശി മാത്തുക്കുട്ടി, കാഞ്ഞിരപ്പള്ളി സ്വദേശിനി എൽസമ്മ എന്നിവരാണ് മുനിസിപ്പൽ ഓഫിസിനു മുന്നിലെ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ ബാക്കി ഭാഗത്ത് അഭയം തേടിയത്.
ഒരു കാലത്ത് വീടും പ്രിയപ്പെട്ടവരുമുണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ തെരുവിൽ ഇറങ്ങേണ്ടിവന്നവർ. ഇപ്പോൾ കോട്ടയം നഗരമാണ് ഇവരുടെ വിലാസം. രാജധാനി ഹോട്ടൽ കെട്ടിടത്തിനും പൊളിച്ചുമാറ്റിയ ഊട്ടി ലോഡ്ജ് കെട്ടിടത്തിനും ഇടയിൽ എം.സി. റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്കു കയറാൻ ഉപയോഗിച്ചിരുന്ന വഴിയുണ്ടായിരുന്നു. ഊട്ടി ലോഡ്ജ് പൊളിച്ചുമാറ്റിയപ്പോൾ രാജധാനിയോടു ചേർന്ന വഴി ബാക്കിയായി. ഇവിടമാണ് ഇവർ വീടാക്കിയിരിക്കുന്നത്. വന്ദനവും രജനിയും ചെരിപ്പും കുടയും നന്നാക്കിയും ആക്രി പെറുക്കിയുമാണ് ഉപജീവനം കഴിക്കുന്നത്.
കെട്ടിടത്തിന്റെ ചുമരിനരികിൽ അടുപ്പ് കൂട്ടി ഭക്ഷണമുണ്ടാക്കും. ഇവർക്കൊപ്പം ഉള്ളതു പങ്കിട്ട് മാത്തുക്കുട്ടിയും എത്സമ്മയും കൂടും. വന്ദനത്തിനും രജനിക്കും അഞ്ചു മക്കളുണ്ട്. മൂന്നാണും രണ്ടു പെണ്ണും. 21 വയസ്സുള്ള മൂത്തയാൾ രജനിയുടെ മീനടത്തെ വീട്ടിലാണ്. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളെ അധികൃതർ ഇടപെട്ട് അഗതിമന്ദിരങ്ങളിലേക്കു മാറ്റിയിരുന്നു. ഇടക്ക് മക്കളെ പോയി കാണും. പത്തുവർഷത്തിലേറെയായി ഇവർ തെരുവിലെത്തിയിട്ട്.
1976 ൽ നഗരത്തിലെത്തിയതാണ് 63കാരിയായ എത്സമ്മ. മൂന്ന് ആൺമക്കൾ കൂടെയുണ്ടായിരുന്നു. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. മറ്റൊരാൾ സുഖമില്ലാതെ ഗുരുതരാവസ്ഥയിൽ മണർകാട് ആശുപത്രിയിലുണ്ടെന്നു കേട്ട് കഴിഞ്ഞ ദിവസം പോയിരുന്നെങ്കിലും കണ്ടെത്താനായില്ല. മാനസിക ദൗർബല്യമുള്ള ഇളയ ആൾ നഗരത്തിൽ തന്നെയുണ്ട്.
ചില സമയത്ത് അമ്മയാണെന്നു നോക്കാതെ ഉപദ്രവിക്കും. കാഴ്ചപരിമിതിയും ഓർമക്കുറവും അലട്ടുന്നുണ്ടെങ്കിലും ആരെങ്കിലും നൽകുന്ന ഭക്ഷണപ്പൊതിയുമായി എത്സമ്മ മകനു പിറകെയുണ്ടാവും. 56 കാരനായ മാത്തുക്കുട്ടി 20 വർഷമായി നഗരത്തിലുണ്ട്. ഹോട്ടൽ പണി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളെതുടർന്ന് ജോലിക്കുപോകുന്നില്ല. നാട്ടിൽ ഭാര്യയും മക്കളുമുണ്ടെന്നും അവർക്ക് തന്നെ വേണ്ടെന്നുമാണ് മാത്തുക്കുട്ടി പറയുന്നത്. ലോകം നാലുചുവരുകൾക്കുള്ളിൽ സുരക്ഷിതത്വം നേടുമ്പോൾ, തലക്കുമുകളിലൊരു മേൽക്കൂരയെങ്കിലുമുണ്ടല്ലോ എന്ന ആശ്വാസത്തിൽ റോഡരികിലെ തിണ്ണയിൽ ഉറങ്ങിയെഴുന്നേൽക്കുകയാണ് ഇവർ.