പോക്സോ: യുവാവിന് 14 വർഷം കഠിനതടവും പിഴയും
text_fieldsപ്രസാദ് കുമാർ
ഈരാറ്റുപേട്ട: പട്ടികവർഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത ബാലികയോട് ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ 14 വർഷം കഠിനതടവിനും 70,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മോനിപ്പള്ളി ചേറ്റുക്കുളം പാലക്കപ്പടവിൽ വീട്ടിൽ പ്രസാദ് കുമാറിനെയാണ് (40) 14 വർഷം കഠിനതടവിനും 70,000 രൂപ പിഴയടക്കാനും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുകയിൽനിന്ന് 60,000 രൂപ അതിജീവിതക്കു നൽകണം. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും എസ്.സി/എസ്.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവം. കുറവിലങ്ങാട് എസ്.ഐ ആയിരുന്ന ശരണ്യ എസ്. ദേവൻ രജിസ്റ്റർ ചെയ്ത കേസിൽ വൈക്കം ഡിവൈ.എസ്.പി ആയിരുന്ന ടി.ബി. വിജയനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.


