ആനക്കൊട്ടിലിന്റെ തൂണുകളിൽ സിമന്റിൽ ശിൽപ വിസ്മയം
text_fieldsപനമറ്റം ഭഗവതിക്ഷേത്രത്തിലെ ആനക്കൊട്ടിലിന്റെ തൂണുകളിൽ സജീവും മക്കളായ സംഗീതും സങ്കീർത്തും
ശിൽപങ്ങൾ നിർമിക്കുന്നു
പൊൻകുന്നം: പുനരുദ്ധാരണം നടക്കുന്ന പനമറ്റം ഭഗവതിക്ഷേത്രത്തിന്റെ ആനക്കൊട്ടിലിന്റെ പഴയ ഉരുളൻ തൂണുകളിൽ കൊത്തുപണികളെ അനുസ്മരിപ്പിക്കുന്ന രൂപങ്ങൾ ഒരുങ്ങുന്നു. ശിൽപി കുറിഞ്ഞി വടക്കേടത്ത് സജീവ് മാധവാണ് സിമന്റിൽ ദൃശ്യവിസ്മയം തീർക്കുന്നത്. പഴയ തൂണിൽ ചുടുകട്ട കൊണ്ട് പൊതിഞ്ഞ് അതിനു മുകളിൽ സിമന്റുകൊണ്ട് രൂപങ്ങൾ തീർക്കുകയാണ്.
മക്കളായ സംഗീതും സങ്കീർത്തും സഹായികളായുണ്ട്. സംഗീത് പ്ലസ്ടുവിലും സങ്കീർത്ത് ഒമ്പതാം ക്ലാസിലും പഠിക്കുകയാണ്. അവധി ദിവസങ്ങളിൽ ഇവർ അച്ഛനൊപ്പം ശിൽപനിർമാണത്തിൽ പങ്കാളികളാവും. സിമന്റിൽ രൂപങ്ങൾ കൊത്തിയെടുക്കുന്നതിലും മിനുക്കുപണികളിലും ഇവർ പ്രാഗത്ഭ്യം നേടി കഴിഞ്ഞു. സജീവ് മാധവിനൊപ്പം സഹശിൽപിയും ബന്ധുവുമായ സുരേഷ് വടക്കേടത്ത് നിർമാണത്തിൽ മുഴുവൻ സമയവുമുണ്ട്.
49കാരനായ സജീവ് മാധവ് 30 വർഷമായി ശിൽപനിർമാണ രംഗത്തുണ്ട്. അച്ഛൻ പരേതനായ മാധവനാചാരിയും ശിൽപിയായിരുന്നു. അമ്മ പുലിയന്നൂർ അയ്യകുന്നേൽ സരോജിനിയുടെ കുടുംബാംഗങ്ങളും ശിൽപികളാണ്. സജീവിന്റെ സഹോദരങ്ങളായ മനോജ്, രാജീവ്, ഹരീഷ് എന്നിവരും ശിൽപനിർമാണ രംഗത്തുതന്നെ. കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗുരുവായൂർ മാതൃകയിലുള്ള 22 അടി ഉയരമുള്ള ഗരുഡൻ സജീവിന്റെ ഏറ്റവും ശ്രദ്ധേയമായ ശിൽപമാണ്. മേവട ഗുരുമന്ദിരം, ചാത്തൻതറ ക്ഷേത്രം, കൊരട്ടി ക്ഷേത്രം, കണ്ണിമല സരസ്വതിക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ സജീവ് ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്.