203 രാജ്യങ്ങളും തലസ്ഥാനങ്ങളും ഈ അഞ്ച് വയസ്സുകാരിക്ക് ഹൃദിസ്ഥം
text_fieldsദേവാൻഷി പുരസ്കാരങ്ങളുമായി
പൊൻകുന്നം: 203 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകൾ ചോദിച്ചാൽ ഏതൊരാളും ഒന്ന് അമ്പരക്കും. എന്നാൽ, അഞ്ച് വയസ്സുകാരി ദേവാൻഷി എസ്. കൃഷ്ണക്ക് രാജ്യ നാമങ്ങളും തലസ്ഥാനങ്ങളും ഹൃദിസ്ഥമാണ്. 2.38 മിനിറ്റിൽ ഈ രാജ്യങ്ങളും തലസ്ഥാനങ്ങളും പറയാനും ഇൗ മിടുക്കിക്ക് സാധിക്കും. ഇന്ത്യയിലെ ഇതുവരെയുള്ള രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും പേരുകൾ ക്രമത്തിൽ ഓർമിച്ചു പറയുകയും ചെയ്യും.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ഹൃദിസ്ഥമാണ്. ഇളങ്ങുളം മാധവത്തിൽ ദീപു കൃഷ്ണയുടെയും ശിൽപയുടെയും മൂന്നാമത്തെ മകളാണ് ദേവാൻഷി. അമ്മ ശില്പയുടെ പരിശീലനത്തിലാണ് ദേവാൻഷി ഇക്കാര്യങ്ങൾ പഠിച്ചെടുത്തത്. സഹോദരങ്ങളെ ശിൽപ സ്കോളർപ്പിനായി പഠിപ്പിക്കുന്നത് രണ്ടര വയസ്സ് മുതൽ ഈ കൊച്ചു മിടുക്കി കേട്ടിരിക്കുമായിരുന്നു. കുട്ടിയുടെ താൽപര്യം മനസിലാക്കി അമ്മ നൽകിയ പരിശീലനവും പിതാവ് ദീപു, സഹോദരങ്ങളായ നന്ദന, ശിവാനി എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും ദേവാൻഷിക്ക് കരുത്തായി. ഇളങ്ങുളം സെയ്ന്റ് മേരീസ് എൽ.പി.സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് ദേവാൻഷി.
ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, മുൻ ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് എന്നിവരിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്തിടെ സ്കൂൾ അധ്യാപക രക്ഷാകർതൃസമിതിയുടെ പുരസ്കാരം സ്കൂൾ മാനേജർ ഫാ.ഡാർവിൻ വാലുമണ്ണേൽ സമ്മാനിച്ചിരുന്നു.


