പൊൻകുന്നം ഡിവിഷനിൽ യുവനേതാക്കളുടെ കന്നിയങ്കം
text_fieldsബി. സുരേഷ് കുമാർ,അഡ്വ. അഭിലാഷ് ചന്ദ്രൻ,അഖിൽ രവീന്ദ്രൻ
പൊൻകുന്നം: ജില്ല പഞ്ചായത്ത് പൊൻകുന്നം ഡിവിഷൻ യുവനേതാക്കളുടെ കന്നിയങ്കം കൊണ്ട് ശ്രദ്ധേയമാകുന്നു. ഇടത്, വലത് മുന്നണികളും ബി.ജെ.പിയും കളത്തിലിറക്കിയ യുവനേതാക്കളുടെ ആദ്യ മത്സരമാണിത്.
എൽ.ഡി.എഫിൽനിന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. സുരേഷ് കുമാർ, യു.ഡി.എഫിൽനിന്ന് കോൺഗ്രസ് ജില്ല എക്സിക്യൂട്ടീവ് അംഗവും ചിറക്കടവ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ അഡ്വ. അഭിലാഷ് ചന്ദ്രൻ, എൻ.ഡി.എയിൽ നിന്ന് ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ല സെക്രട്ടറി അഖിൽ രവീന്ദ്രൻ എന്നിവരാണ് മത്സരിക്കുന്നത്.
അകലക്കുന്നം പഞ്ചായത്തിലെ ഒമ്പതും പള്ളിക്കത്തോട് പഞ്ചായത്തിലെ പത്തും വാഴൂർ പഞ്ചായത്തിലെ 16ഉം ചിറക്കടവ് പഞ്ചായത്തിലെ 18ഉം വാർഡുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ പൊൻകുന്നം ഡിവിഷൻ. വാഴൂർ, ചിറക്കടവ് പഞ്ചായത്തുകൾ എൽ.ഡി.എഫും അകലക്കുന്നം യു.ഡി.എഫും പള്ളിക്കത്തോട് ബി.ജെ.പിയുമാണ് ഭരിക്കുന്നത്. നിലവിൽ ഡിവിഷനെ പ്രതിനിധീകരിക്കുന്നത് സി.പി.എം അംഗമായ ടി.എൻ. ഗിരീഷ് കുമാറാണ്.
ബി. സുരേഷ് കുമാർ (എൽ.ഡി.എഫ് )
സി.പി.എം ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, മേഖല സെക്രട്ടറി, ബ്ലോക്ക് പ്രസിഡന്‍റ്, സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമരങ്ങളിൽ പങ്കെടുത്ത് 30 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഈ നാട് യുവജന സഹകരണ സംഘം വൈസ് പ്രസിഡന്‍റാണ്. സി.പി.എം ചെറുവള്ളി ലോക്കൽ സെക്രട്ടറിയും വാഴൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. പൊൻകുന്നം സർവിസ് സഹകരണ ബാങ്ക് അക്കൗണ്ടന്‍റ് ജോലിയിൽ നിന്ന് അവധി എടുത്ത് മുഴു സമയ പൊതുപ്രവർത്തകനാവുകയായിരുന്നു. ഭാര്യ: അമലു കെ. കുമാർ.
അഡ്വ. അഭിലാഷ് ചന്ദ്രൻ (യു.ഡി.എഫ്)
കാഞ്ഞിരപ്പള്ളി, പാലാ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. കോൺഗ്രസ് ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ചിറക്കടവ് സർവിസ് സഹകരണബാങ്ക് പ്രസിഡന്‍റുമാണ്. താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ, കാഞ്ഞിരപ്പള്ളി റബർ മാർക്കറ്റിങ് സൊസൈറ്റി എന്നിവയിൽ ബോർഡംഗമാണ്.
ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാനസമിതിയംഗം, കാഞ്ഞിരപ്പള്ളി കെ.വൈ.എം.എ ജനറൽ സെക്രട്ടറി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഉപദേശക സമിതിയംഗം, ചിറക്കടവ് കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ മഹാദേവ സേവസംഘം മുൻ പ്രസിഡന്റാണ്.
അഖിൽ രവീന്ദ്രൻ (എൻ.ഡി.എ)
ആർ.എസ്.എസ് ഉദയപുരം ശാഖ മുഖ്യ ശിക്ഷക്, മണ്ഡൽ കാര്യവാഹക്, താലൂക്ക് സഹ ബൗദ്ധിക് പ്രമുഖ്, എ.ബി.വി.പി സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ല പ്രമുഖ്, യുവമോർച്ച സംസ്ഥാന സമിതി അംഗം, ജില്ല ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ല സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
നിലവിൽ ജില്ല ജനറൽ സെക്രട്ടറി, ബി.ജെ.പി സംസ്ഥാന മീഡിയ പാനലിസ്റ്റ്, ബി.എസ്.എൻ.എൽ അഡ്വൈസറി ബോർഡ് അംഗം, ലയൺസ് ക്ലബ് ചെങ്ങളം ചാപ്റ്റർ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.അടിയന്തരാവസ്ഥയിൽ ജയിലിൽ വാസം അനുഭവിച്ച വാഴൂർ കെ ആർ രവീന്ദ്രൻ നായരുടെയും ഗീത ആർ. നായരുടെയും മകനാണ്. ഭാര്യ: രജനി. മകൾ: വേദ നായർ.


