കെ.എസ്.ആർ.ടി.സി ബസ് കത്തിയ സംഭവം; നടുക്കത്തിൽനിന്ന് മുക്തനാകാതെ ജിഷാദ്...
text_fieldsകെ.എസ്.ആർ.ടി.സി ഡ്രൈവർ ജിഷാദ് അപകടത്തെക്കുറിച്ച് വിവരിക്കുന്നു
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം - മണിമല റോഡിലെ ചെറുവള്ളി കുന്നത്തുപുഴയിൽ പുലർച്ചെ അപ്രതീക്ഷിതമായി ബസ് കത്തിയമർന്ന അപകടത്തിന്റെ നടുക്കത്തിൽനിന്നു മുക്തനാകാതെ ബസ് ഡ്രൈവർ ജിഷാദ് റഹ്മാൻ. സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി അധികൃതരുടെ നിർദേശാനുസരണം 28 അംഗ വിനോദയാത്രാസംഘം യാത്ര തുടർന്നപ്പോൾ കണ്ടക്ടർ ബിജുമോനെ ഒപ്പം പോകാൻ അധികൃതർ നിർദേശിച്ചു. സംഭവസ്ഥലത്ത് പിന്നീട് വന്ന ഉദ്യോഗസ്ഥരുടെയും വിജിലൻസ് വിഭാഗത്തിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടുത്ത് കാര്യങ്ങൾ വിശദീകരിക്കുമ്പോഴും കൺമുന്നിൽ ബസ് ഒരു തീക്കൂടായി മാറുന്നത് കണ്ട വേവലാതി ജിഷാദിന്റെ മുഖത്തുണ്ടായിരുന്നു.
എങ്കിലും 28 യാത്രക്കാരെയും സുരക്ഷിതമായി ബസിൽ നിന്ന് പുറത്തെത്തിക്കാനായല്ലോ എന്നതിന്റെ സന്തോഷവും അദ്ദേഹം മറച്ചുവെച്ചില്ല. ബസിൽ നിന്ന് പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാർ വിളിച്ചുപറഞ്ഞ ഉടൻ ജിഷാദ് ബസ് നിർത്തി കണ്ടക്ടർ ബിജുമോനുമായി ചേർന്ന് യാത്രക്കാരെ വിളിച്ചുണർത്തി. ചൊവ്വാഴ്ച രാത്രി ഒമ്പതിന് മലപ്പുറത്തുനിന്ന് പുറപ്പെട്ട സംഘത്തിലെ എല്ലാവരും ബുധനാഴ്ച പുലർച്ചെ 3.45ന് സംഭവം നടക്കുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു. എല്ലാവരെയും അപകടസാധ്യത അറിയിച്ച് ബാഗുൾപ്പെടെ എല്ലാ ലഗേജുമെടുത്ത് പുറത്തിറക്കി.
ബസിൽനിന്ന് എല്ലാവരെയും അകറ്റി നിർത്തി. അഗ്നിരക്ഷാ ഉപകരണം സ്പ്രേ ചെയ്ത് തീയണയ്ക്കാൻ ഇരുവരും ശ്രമിച്ചു. പിന്നിലെ ടയറുകൾക്കിടയിൽ നിന്ന് പടർന്ന തീ ഇതിനകം ഉള്ളിലേക്ക് പടർന്ന് സീറ്റുകളിലേക്കും ബസിലാകെയും വ്യാപിക്കുകയായിരുന്നു. ഡ്രൈവർ കാബിനും സ്റ്റിയറിങ് ഉൾപ്പെടെ എല്ലാ ഭാഗവും കത്തിനശിച്ചു. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം, പത്തനംതിട്ട, കോട്ടയം, പൊൻകുന്നം ഡിപ്പോകളിലെ മെക്കാനിക്കൽ എൻജിനീയറിങ് മേധാവികൾ, ജനറൽ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ സ്ഥലത്തെത്തി ബസ് പരിശോധിച്ചു. ബ്രേക്ക് ലൈനർ പ്രശ്‌നമോ, ഷോർട്ട് സർക്യൂട്ടോ ആയിരിക്കാമെന്നാണ് നിഗമനം.


