അപകടപ്പാതയായി പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത
text_fieldsപൊൻകുന്നം-മണിമല റോഡിൽ ചിറക്കടവ് എസ്.ആർ.വി
ജങ്ഷന് സമീപം ക്രാഷ്ബാരിയറിലേക്ക് ഇടിച്ച വാൻ
പൊൻകുന്നം: മഴ കനത്തതോടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടങ്ങൾ പതിവായി. ഒരുമാസത്തിനുള്ളിൽ ഏഴ് അപകടങ്ങളാണ് എലിക്കുളം മുതൽ തെക്കേത്തുകവല വരെ ഭാഗത്ത് നടന്നത്. തേഞ്ഞ ടയറുകളുമായി വാഹനങ്ങൾ മഴയിൽ ഓടുന്നതും രാത്രികാലത്ത് ഡ്രൈവർമാരുടെ ഉറക്കവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
ഏറ്റവുമൊടുവിൽ പാലാ- പൊൻകുന്നം റോഡിൽ കുരുവിക്കൂടിനുസമീപം വ്യാഴാഴ്ച രാത്രി ഒമ്പതോടെ കാർ വീടിന് മുമ്പിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് പരിക്കേറ്റു. തേക്കിലക്കാട്ടിൽ ശശിധരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലെ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു ശശിധരൻ. കാർ ഇദ്ദേഹം ഇരുന്ന ഭാഗത്തേക്ക് ഇടിച്ചശേഷം സമീപത്തെ പറമ്പിലേക്ക് കയറിയാണ് നിന്നത്.
കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡും പൊൻകുന്നം-മണിമല റോഡും നിരവധി കൊടുംവളവുള്ളതാണ്. റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്ത് വീതികൂട്ടിയെങ്കിലും വളവുകൾ ഒഴിവായിട്ടില്ല. പൊൻകുന്നം-മണിമല റോഡിലും കൊടുംവളവുകളാണ്. അമിതവേഗത്തിൽ വാഹനമെത്തിയാൽ മഴസമയത്ത് തെന്നിമറിഞ്ഞ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.
എലിക്കുളം ബാങ്ക്പടി, പൊൻകുന്നം അട്ടിക്കൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം വാഹനാപകടം ഉണ്ടായി. പതിവായി അപകടം നടക്കുന്ന ഭാഗമാണ് അട്ടിക്കൽ. മേള കലാകാരനും സോപാനസംഗീതജ്ഞനുമായ ബേബി എം. മാരാർ മരിച്ചതുൾപ്പടെ നിരവധി അപകടം നടന്ന ഭാഗമാണിത്. ഈ വർഷം തന്നെ ഇവിടെ ഒരുവീട്ടിലേക്ക് വാഹനമിടിച്ചുകയറി വീടുതകർന്നിരുന്നു. ചിറക്കടവ് എസ്.ആർ.വി ജങ്ഷനിൽ നടപ്പാതയുടെ കൈവരി തകർത്ത് വാഹനങ്ങൾ പാഞ്ഞുകയറി മൂന്ന് അപകടങ്ങൾ അടുത്തയിടെ സംഭവിച്ചു.